മദ്യപിച്ച് വാഹനം ഓടിച്ചതിന് പെറ്റിയടയ്ക്കാൻ പുനലൂർ കോടതിയിലെത്തിയ ആൾ, വീണ്ടും മദ്യപിച്ച് കുഴഞ്ഞുവീണു. കോടതിക്ക് പുറത്തുപോകാൻ അനുവദിച്ച സമയം മുതലെടുത്ത് മദ്യപിച്ചെത്തിയ ഇയാൾക്കെതിരെ പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് പൊലീസ് പുതിയ കേസെടുത്തു.

കൊല്ലം: മദ്യപിച്ച് വാഹനം ഓടിച്ചതിന് കോടതിയിൽ പെറ്റിയടയ്ക്കാനെത്തിയ ആൾ അടിച്ച് ഫിറ്റായി വീണു. പുനലൂർ കോടതിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് ഏരൂർ പൊലീസ് ചുമത്തിയ മുന്നൂറ് രൂപ പെറ്റിയടയ്ക്കാനാണ് ഏരൂർ മണലിൽ സ്വദേശി സുരേഷ് കുമാർ കോടതിയിലെത്തിയത്. ആളുടെ നിൽപ്പ് അത്ര പന്തിയല്ലന്ന് കണ്ട മജിസ്ട്രറ്റ്, കോടതി പിരിയും വരെ പുറത്ത് നിൽക്കാൻ വിധിച്ചു.

ശിക്ഷയുടെ ഭാഗമായി പുറത്ത് നിന്ന സുരേഷ് കുമാർ കണ്ണുവെട്ടിച്ച് പുറത്ത് പോയി വീണ്ടും മദ്യപിച്ചെത്തി. ലഹരി തലയ്ക്ക് പിടിച്ച് കാല് നിലത്തുറയ്ക്കാതെ വന്നതോടെ കുഴഞ്ഞ് വീണു. പുനലൂർ പൊലീസ് സ്ഥലത്തെത്തി വെള്ളമൊഴിച്ച് ബോധം വരുത്തി സ്റ്റേഷനിലെത്തിച്ചു. ബന്ധുക്കളെ വിളിച്ചു വരുത്തി ആൾ ജാമ്യത്തിൽ വിട്ടയച്ചു. മദ്യപിച്ച് പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് കേസും രജിസ്റ്റർ ചെയ്തു.

വല സഞ്ചിയെടുത്ത് കായലിലേക്ക് ഏറ് പിടിച്ചത് 75 ലിറ്റര്‍ മദ്യം

ഡ്രൈ ഡേ പ്രമാണിച്ച് എക്സൈസ് നടത്തിയ പരിശോധനകളിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ച 75 ലിറ്ററിലധികം ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. ആലപ്പുഴ പുറക്കാട് 50.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ശിവജി (52 ) എന്നയാളെ പിടികൂടി. ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഫാറൂക്ക് അഹമ്മദിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. മദ്യ വിൽപ്പന നടത്തിക്കൊണ്ടിരുന്ന ശിവജി എക്സൈസിനെ കണ്ട് വല സഞ്ചിയിൽ സൂക്ഷിച്ചിരുന്ന മദ്യം കായലിലേക്ക് ഉപേക്ഷിച്ചു. തുടർന്ന് കായലിൽ നടത്തിയ തിരിച്ചിലാണ് കൂടുതൽ മദ്യക്കുപ്പികൾ കണ്ടെത്തിയത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൾ ഷുക്കൂർ, മനോജ് കുമാർ വി കെ, സന്തോഷ് കുമാർ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുർജിത്ത് ടി ജി, ഷഫീക്ക് കെ എസ്, ഹരീഷ് കുമാർ കെ എച്ച്, ജി ആർ ശ്രീരണദിവെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജയകുമാരി വി കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.