ഏഷ്യാനെറ്റ്ന്യൂസ് പരമ്പര - പാളത്തിലാകുമോ അതിവേഗം 

കോഴിക്കോട്: സെമി ഹൈ സ്പീഡ് റയിൽ കേരളത്തിന് വികസനക്കുതിപ്പാകുമെന്ന് വിദഗ്ധര്‍. റോഡിലെ തിരക്ക് കുറയ്ക്കാനും ചരക്ക് നീക്കം വേഗത്തിലാക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയെത്താന്‍ നിലവില്‍ 12 മണിക്കൂറിലേറെ വേണ്ടിവരുന്നിടത്താണ് നാലുമണിക്കൂറിലെത്താവുന്ന ഈ പദ്ധതി. 

Read more at: സെമി ഹൈസ്പീഡ് റെയിലിന് മന്ത്രിസഭാ അംഗീകാരം നല്‍കിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും

നഗരങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ദൂരം കുറയുന്നതോടെ ഭാവിയില്‍ തൊഴിലവസര സാധ്യതയും വ്യാവസായിക വളര്‍ച്ചയും പദ്ധതി ലക്ഷ്യം വെക്കുന്നു. ദീര്‍ഘകാല പദ്ധതിയെന്ന നിലയില്‍ ഭാവിയില്‍ റോഡിലെ വാഹനങ്ങള്‍ കുറയ്ക്കാനും അതുവഴി പെരുകുന്ന അപകടവും കുറയ്ക്കാനാകുമെന്നാണ് പദ്ധതിയുടെ പ്രധാന നേട്ടമായി പറയുന്നത്. ലോറികളെ വഹിക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി എന്നതിനാല്‍ ചരക്ക് നീക്കം അതിവേഗതയിലാകുന്നതോടെ എല്ലാ മേഖലകളിലും ഇതിന്‍റെ ഗുണങ്ങള്‍ കിട്ടുമെന്നും വിലയിരുത്തുന്നു.

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാന്‍ കഴിയുന്ന രീതിലാണ് നിലവിലെ അലൈന്‍മെന്‍റ്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയുന്നതിനാല്‍ അന്തരീക്ഷ മലിനീകരണത്തിനുള്ള സാധ്യതയും കുറവാണ്. ആകെയുള്ള 530 കിലോമീറ്ററുകളില്‍ വയലുകള്‍ നികത്തുന്നത് ഇല്ലാതാക്കാന്‍ തൂണുകളിലുയര്‍ത്തിയാണ് റെയില്‍പ്പാതയുടെ നിര്‍മാണം. ഇത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒരു പരിധി വരെ തടയാന്‍ കഴിഞ്ഞേക്കും. ഭരണത്തിലേറി അവസാന നാളുകളിലാണ് ഈ പദ്ധതിയെക്കുറിച്ച് തീരുമാനമെടുത്തത് എന്നത് വ്യാപക വിമര്‍ശനങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.