ദില്ലി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്  വിശാല ബഞ്ചിന് കൈമാറിയ വിഷയങ്ങളില്‍ വാദങ്ങള്‍ തുടങ്ങി. ശബരിമല യുവതി പ്രവേശന വിഷയമല്ല കോടതി പരിഗണിക്കുന്നതെന്ന് ഒന്‍പതംഗ ഭരണഘടനാ ബഞ്ച് വ്യക്തമാക്കി. വാദം തുടങ്ങി ആദ്യം ദിവസം തന്നെ ഒന്‍പതംഗ ബെഞ്ചിന്‍റെ സാധുതയെ ബിന്ദു അമ്മിണിക്ക് വേണ്ടി ഹാജരായ ഇന്ദിരാ ജയ്‍സിംഗ് ചോദ്യം ചെയ്തു .  

വിശാല ഭരണഘടനാ ബഞ്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ട അഞ്ചംഗ ബഞ്ചിന്‍റെ ചോദ്യങ്ങൾ നിയമപരമായി നിലനിൽക്കുന്നതാണോ എന്ന് ഇന്ദിരാ ജയ്‍സിംഗ് ചോദിച്ചു. ശബരിമല യുവതീപ്രവേശനവിധി തെറ്റാണെന്നോ നിയമപരമായി നിലനിൽക്കാത്തതാണെന്നോ ഇതുവരെ ഒരു കോടതിയോ ബഞ്ചോ പറഞ്ഞിട്ടില്ല. ശബരിമല പുനപരിശോധനാ ഹർജികളിൽ വിധി പറയാൻ ഈ ചോദ്യങ്ങളുടെയൊന്നും ആവശ്യമില്ലെന്നും ഇന്ദിരാ ജയ്‍സിംഗ് വാദിച്ചു.

ശബരിമല പുനഃപരിശോധനാഹർജികളെ എതിർത്ത ഇന്ദിരാ ജയ്‍സിംഗ്, എന്തിനാണ് ഈ ഹർജികൾ ഒമ്പതംഗ ബഞ്ചിന് വിട്ടത് എന്ന് മനസ്സിലാകുന്നില്ലെന്ന് കോടതിയിൽ പറഞ്ഞു. അഞ്ചംഗ ബെഞ്ച് തയ്യാറാക്കിയ ഈ ചോദ്യങ്ങൾക്കൊന്നും നിയമപരമായ ഉത്തരം കണ്ടെത്താൻ സാധിക്കുന്നതല്ലെന്നും ഇന്ദിര ജയ്‍സിംഗ് വാദിച്ചു.

ശിരൂർ മഠം കേസിലെ വിധിയെ ആരും ചോദ്യം ചെയ്യാത്തിടത്തോളം എന്തിന് ഒമ്പതംഗ ബെഞ്ച് രൂപീകരിച്ച് 'ഹിന്ദു' എന്ന പദമെന്തെന്ന് വിശദീകരിക്കാനോ പരിശോധിക്കാനോ ശ്രമിക്കുന്നതെന്തിന് എന്നും ഇന്ദിരാ ജയ്‍സിംഗ് ചോദിക്കുന്നു. ശബരിമല യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഹർജിയും ഒമ്പതംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വിശദമാക്കി. പകരം, പുനപരിശോധനാ ഹർജികൾ പരിഗണിക്കുന്ന അഞ്ചംഗ ബഞ്ച് വിശാലബഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ട ഏഴ് നിർണായക ചോദ്യങ്ങൾ മാത്രമാണ് പരിഗണിക്കുകയെന്നും സുപ്രീംകോടതി വ്യക്തമാക്കി.