Asianet News MalayalamAsianet News Malayalam

പുല്‍വാമ ഭീകരാക്രമണത്തെ 'അപകടം' എന്ന് വിളിച്ച് ദിഗ്‍വിജയ് സിംഗ്

ബിജെപി അധ്യക്ഷന്‍ അമിത് ഷാ, യുപി മുഖ്യന്‍ യോഗി ആദിത്യനാഥ്, കേന്ദ്ര മന്ത്രി എസ് എസ് അലുവാലിയ എന്നിവര്‍ ബാലക്കോട്ടില്‍ എത്ര ഭീകരരെ വധിച്ചുവെന്ന് പറഞ്ഞതില്‍ വിശദീകരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Senior congress leader Digvijaya Singh calls Pulwama terror attack an accident
Author
Delhi, First Published Mar 5, 2019, 12:24 PM IST

ദില്ലി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച ഭീകരാക്രമണത്തെ 'അപകടം' എന്ന് വിശേഷിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗ്. ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്‍റെ വിശദവിവരങ്ങള്‍ പുറത്ത് വിട്ട് രാജ്യാന്തര മാധ്യമങ്ങള്‍ അടക്കം ഉയര്‍ത്തിയ സംശയങ്ങള്‍ അവസാനിപ്പിക്കണമെന്ന് ദിഗ്‍വിജയ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

ആരാണ് നുണ പറയുന്നത് എന്നറിയാന്‍ ബാലക്കോട്ട് ആക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണം. ഇങ്ങനെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ട്വീറ്റില്‍ 40 ജവാന്മാര്‍ വീരമൃത്യു വരിച്ച പുല്‍വാമ ഭീകരാക്രമണത്തെ അപകടം എന്ന് വിളിക്കുകയായിരുന്നു കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ്.

നമ്മുടെ സെെനിക ഫോഴ്സുകളില്‍ പൂര്‍ണ വിശ്വാസമാണ് ഞങ്ങള്‍ക്കുള്ളത്. നമ്മളെ സംരക്ഷിക്കാനായി കുടുംബം വിട്ട് ആര്‍മിയിലായിരിക്കുന്ന ഒരുപാട് സുഹൃത്തുക്കളെയും അടുത്ത ബന്ധുക്കളെയും കണ്ടിട്ടുണ്ട്. എന്തായാലും പുല്‍വാമ 'അപകട'ത്തിന് ശേഷം വ്യോമസേന തിരിച്ചടി നല്‍കി.

എന്നാല്‍ ചില വിദേശ മാധ്യമങ്ങള്‍ അതില്‍ സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അത് ഇന്ത്യയുടെ സര്‍ക്കാരിന്‍റെ വിശ്വാസീയതയെ ചോദ്യം ചെയ്യുന്നതാണെന്നും ദിഗ്‍വിജയ് സിംഗ് കുറിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, യുപി മുഖ്യന്‍ യോഗി ആദിത്യനാഥ്, കേന്ദ്ര മന്ത്രി എസ് എസ് അലുവാലിയ എന്നിവര്‍ ബാലക്കോട്ടില്‍ എത്ര ഭീകരരെ വധിച്ചുവെന്ന് പറഞ്ഞതില്‍ വിശദീകരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമിത് ഷാ 250 പേര്‍ കൊല്ലപ്പെട്ടെന്ന് പറഞ്ഞപ്പോള്‍ ആദിത്യനാഥ് 400 എന്നാണ് പറഞ്ഞത്. ആരാണ് നുണ പറയുന്നതെന്ന് രാജ്യത്തിന് അറിയണം. ബാലക്കോട്ട് വ്യോമാക്രമണത്തെ മോദിയും മന്ത്രിമാരും അവരുടെ വിജയമാക്കി മാറ്റിയെന്നും സേനയെ അപമാനിച്ചുവെന്നും ദിഗ്‍വിജയ് സിംഗ് പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios