Asianet News MalayalamAsianet News Malayalam

എൻഡിടിവിയിൽ രാജി തുടരുന്നു; പ്രണോയി റോയിക്കും രാധികയ്ക്കും പിന്നാലെ രവീഷ് കുമാറും

എൻഡിടിവിയിൽ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്ന ആർആർപിആർ കമ്പനിയിൽ നിന്ന് സ്ഥാപകരായ പ്രണോയ് റോയിയും രാധിക റോയിയും രാജിവച്ചതിന് പിന്നാലെയാണ് രവീഷിന്റെയും രാജി.

Senior journalist Ravish Kumar resigns from NDTV
Author
First Published Nov 30, 2022, 9:30 PM IST

ദില്ലി: പ്രമുഖ മാധ്യമപ്രവർത്തകൻ രവീഷ് കുമാർ ന്യൂ ഡൽഹി ടെലിവിഷൻ ചാനലില്‍ (എൻഡിടിവി) നിന്ന് രാജിവച്ചു. എൻഡിടിവിയിൽ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്ന ആർആർപിആർ കമ്പനിയിൽ നിന്ന് സ്ഥാപകരായ പ്രണോയ് റോയിയും രാധിക റോയിയും രാജിവച്ചതിന് പിന്നാലെയാണ് രവീഷിന്റെയും രാജി. അദാനി ആർആർപിആർ ഏറ്റെടുത്തതോടെയാണ് കമ്പനി ഡയറക്ടർ സ്ഥാനത്ത് നിന്ന് ഇരുവരും രാജി സമർപ്പിച്ചത്.

എൻഡിടിവിയുടെ പ്രൊമോട്ടർ ഗ്രൂപ്പായ ആർആർപിഎൽ ഹോൾഡിങ്ങിന് എൻഡിടിവിയിൽ 29.18 ശതമാനം ഓഹരിയുണ്ട്. ഇത് അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് രാജി. അതേസമയം, സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തിൽ സിന്നയ്യ ചെങ്കൽവരയൻ എന്നിവരെ ഡയറക്ടർമാരായി നിയമിക്കാൻ ആർആർപിആർ ഹോൾഡിംഗിന്റെ ബോർഡ് അനുമതി നൽകിയതായി എൻഡിടിവിയുടെ എക്‌സ്‌ചേഞ്ച് ഫയലിംഗിൽ പറയുന്നു. 

Also Read: എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികളുടെ നിയന്ത്രണം അദാനിക്ക്; ഓപ്പൺ ഓഫർ തുടരുന്നു

എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ സ്വന്തമാക്കിയ അദാനി ഗ്രൂപ്പ് മറ്റ് ഓഹരി ഉടമകളില്‍ നിന്നും 26 ശതമാനം ഓഹരി കൂടി വാങ്ങാനുള്ള ഓപ്പൺ ഓഫറുമായി രംഗത്തെത്തിയിരുന്നു. അതേസമയം, ബിഎസ്ഇ വെബ്‌സൈറ്റ് പ്രകാരം പ്രണോയ് റോയി ഇപ്പോഴും എൻഡിടിവിയുടെ ചെയർപേഴ്‌സണും രാധിക റോയ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്. ഈ വർഷം ഓഗസ്റ്റിലാണ് അദാനി ഗ്രൂപ്പിന് ആർആർപിഎല്ലിന്റെ പൂർണ നിയന്ത്രണം ലഭിച്ചത്. അദാനിക്ക് ആവശ്യമായ 26 ശതമാനം ഓഹരി ലഭിക്കുകയാണെങ്കിൽ. എന്‍ഡിടിവിയില്‍ അദാനി ഗ്രൂപ്പിന്റെ മൊത്തം ഓഹരി 55.18 ശതമാനമായി ഉയരും. ഇത് എൻഡിടിവിയുടെ മാനേജ്മെന്റ് നിയന്ത്രണം ഏറ്റെടുക്കാൻ അദാനിയെ പ്രാപ്തരാക്കും. എൻഡിടിവിയിൽ പ്രണോയ് റോയിക്കും രാധികയ്ക്കും ഇതിന് പുറമേ  32.26 ശതമാനം ഓഹരിയുണ്ട്.

Also Read: അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ സെബി അംഗീകരിച്ചു; എൻഡിടിവി അദാനിയുടെ കൈകളിലേക്കോ?

എൻഡിടിവിയുടെ ചരിത്രം

1984 ല്‍ ആണ് എൻഡിടിവി സ്ഥാപിക്കുന്നത്.  മാധ്യമപ്രവര്‍ത്തകരായ പ്രണോയി റോയിയും രാധിക റോയിയും ചേർന്നാണ് എൻഡിടിവി സ്ഥാപിക്കുന്നത്. ദൂരദർശനിലെ  വേള്‍ഡ് ദിസ് വീക്ക് എന്ന പരിപാടിയിലൂടെ എൻഡിടിവി ടെലിവിഷന്‍ രംഗത്ത് തരംഗമായി. ദൂരദർശനിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങള്‍ക്കും അവലോകനങ്ങള്‍ക്കും എൻഡിടിവി ചുമതല വഹിച്ചു. ബിബിസിക്കായി ഇന്ത്യയിലെ പരിപാടികള്‍ തയ്യാറാക്കുന്ന ചുമതലയും എൻഡിടിവിക്ക് കിട്ടി. 1998 ല്‍ ആദ്യ 24 മണിക്കൂർ വാർത്ത ചാനല്‍ സ്റ്റാർ ഇന്ത്യയുമായി ചേർന്ന് തുടങ്ങി. സ്റ്റാറുമായി ഉള്ള ബന്ധം ഉപേക്ഷിച്ച് എൻഡിടിവി ഇംഗ്ലീഷ്, ഹിന്ദി വാർത്ത ചാനലുകള്‍ 2003 ല്‍ തുടങ്ങി. നഗരകേന്ദ്രീകൃത ചാനലുകളും വിനോദ ചാനലുകളും എന്‍ഡ‍ിടിവി കീഴില്‍ നിലവില്‍ വന്നു.

അദാനിയുടെ നീക്കം

എൻഡിടിവിയില്‍ 29.18 ശതമാനം ഓഹരി ആർആർപിആർ എന്ന കന്പനി 2009-10  ല്‍ വിപിസിഎല്‍ എന്ന കമ്പനിയില്‍ നിന്ന് 403 കോടി കടമെടുത്തു. ഈ തുക ഭാവിയില്‍ വേണമെങ്കിലും ഓഹരികളാക്കി മാറ്റം എന്ന വ്യവസ്ഥയിലായിരുന്നു കടമെടുക്കല്‍. എൻഡിറ്റിവി സാമ്പത്തിക പ്രതിസന്ധിയിലായതോടെ വായ്പ തിരിച്ചടക്കാനായല്ല. തുടര്‍ന്ന്  രാധിക റോയിയുടെയും പ്രണോയി റോയിയുടെയും  ആർആർപിആർ കന്പനിയുടെ 99  ശതമാനം ഓഹരികളും വിപിസിഎല്ലിന്‍റേതായി. വിശ്വപ്രധാൻ കമ്പനി ഈ കൊല്ലം ഓഗസ്റ്റില്‍ അദാനി ഏറ്റെടുത്തു. ഇതോടെ എൻഡിടിവിയുടെ 29 ശതമാനം ഓഹരി അദാനിയുടെ കൈയ്യിലായി. ആർആർപിആർ  കമ്പനിയുടെ ഡയറക്ടർ പദവിയില്‍ നിന്നാണ് ഇപ്പോള്‍  പ്രണോയ് റോയിയും രാധിക റോയിയും രാജിവെച്ചിരിക്കുന്നത്. പകരം അദാനി എൻ്റർപ്രൈസിന്‍റെ പ്രതിനിധികള്‍ ഡയറക്ടർ പദവിയിലെത്തി.

എൻഡിടിവി പൂര്‍ണമായും അദാനിയുടെ നിയന്ത്രണത്തിലാവുമോ

ആർആർപിആർ കമ്പനി എൻഡിടിവിയുടെ 29 ശതമാനം ഓഹരിയാണ് ആദാനിയുടെ കൈയ്യിലുള്ളത്. 33.2 ശതമാനം ഓഹരികള്‍ ഇപ്പോഴും പ്രണോയ് റോയിക്കും രാധിക റോയിക്കും എൻഡിടിവിയില്‍ ഉണ്ട്. ഓഹരി വിപണി വിറ്റഴിച്ച 26 ശതമാനം ഓഹരികള്‍ സമാഹരിക്കാനുള്ള താല്‍പ്പര്യമാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. ഒരു കോടി അറുപത്തിയേഴ് ലക്ഷം ഓഹരികളാണ് പൊതുവിപണിയില്‍ ഉള്ളത്. ഡിസംബർ അ‌ഞ്ചിനാണ് അദാനി ഇതിനായി മുന്നോട്ടുവച്ച സമയ പരിധി അവസാനിക്കുന്നത്. 294 രൂപയാണ് അദാനി മുന്നോട്ട് വച്ച വിലയെങ്കിലും നിലവില്‍ എൻഡിടിവി ഓഹരി വില 446 എത്തി നില്‍ക്കുകയാണ്.  പൊതുവിപണിയില്‍ ഉള്ള 26 ശതമാനം ഓഹരിയുടെ മൂന്നിലൊന്ന് ഇതിനോടകം അദാനിക്ക് സ്വന്തമാക്കാനായിട്ടുണ്. ഫലത്തില്‍ എൻഡിറ്റിവിയിലെ ഏറ്റവും കൂടുതല്‍ ഓഹരിയുടെ ഉടമസ്ഥത അദാനി ഗ്രൂപ്പിന് ആവുകയാണ്.
എന്നാല്‍ 50 ശതമാനത്തിലധികം ഓഹരികളുമായി കന്പനിയുടെ പൂര്‍ണ‍ നിയന്ത്രണം ആദാനിക്കാകുമോയെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം.

Follow Us:
Download App:
  • android
  • ios