രാജ്യസഭാംഗത്വം രാജി വെച്ച് മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖര്‍ റോയി എംപി പാര്‍ട്ടി വിട്ടു. മമത ബാനര്‍ജി ദില്ലിയില്‍ തുടരുമ്പോഴാണ് വിമത ക്യാമ്പിന് ശക്തി പകര്‍ന്നുള്ള സുഖേന്ദു ശേഖര്‍ റോയിയുടെ രാജി.

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത പ്രതിരോധത്തിലായിരിക്കേ രാജ്യസഭാംഗത്വം രാജി വെച്ച് മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖര്‍ റോയി എംപി പാര്‍ട്ടി വിട്ടു. മമത ബാനര്‍ജി ദില്ലിയില്‍ തുടരുമ്പോഴാണ് വിമത ക്യാമ്പിന് ശക്തി പകര്‍ന്നുള്ള സുഖേന്ദു ശേഖര്‍ റോയിയുടെ രാജി. ഇതിനിടെ ലോക്സഭ സ്പീക്കറെ ഈയാഴ്ച കണ്ട് പ്രത്യേക ബ്ലോക്കായിരിക്കാന്‍ വിമത എംപിമാര്‍ അനുമതി തേടും. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും മമത ക്യാമ്പ് ഉപേക്ഷിക്കാന്‍ നീക്കം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എംഎല്‍എമാര്‍ക്ക് പിന്നാലെ എംപിമാരുടെ ക്യാമ്പിലെ ആദ്യ പൊട്ടിത്തെറിയാണിത്. രാജ്യസഭാംഗത്വം രാജി വച്ച് സുഖേന്ദു ശേഖര്‍ റോയ് മമത ബാനര്‍ജിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി. പാര്‍ട്ടി അംഗത്വവും രാജിവെച്ചു. രാവിലെ പാര്‍ലമെന്‍റിലെത്തി രാജിക്കത്ത് നല്‍കുകയായിരുന്നു. അഭിേഷക് ബാനര്‍ജിയെ നേതൃനിരയില്‍ മമത അവരോധിച്ചതോടെ അകന്നു. നിയമസഭയിലെ പൊട്ടിത്തെറി പാര്‍ലമെന്‍റിലേക്കും വൈകാതെ എത്തുമെന്ന് സുഖേന്ദു ശേഖര്‍ റോയ് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബിജെപിയില്‍ ചേരാനുള്ള ക്ഷണം നിരസിച്ചെന്നും രാജി നല്‍കിയ ശേഷം സുഖേന്ദു വ്യക്തമാക്കി. സുഖേന്ദുവിനൊപ്പം മറ്റാരു രാജ്യസഭ എംപി കോയല്‍ മാലിക്കും രാജി വയ്ക്കുമെന്ന അഭ്യൂഹം ശക്തമാണ്. മമത ബാനര്‍ജിയും, ജനറല്‍സെക്രട്ടറി അഭിഷേക് ബാനര്‍ജിയും ഇന്ത്യ സഖ്യ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് വിമത ക്യാമ്പിന്‍റെ നീക്കം. കൂടുതല്‍ എംപിമാര്‍ രാജിവെച്ചേക്കും.

പാര്‍ലമെന്‍റില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത് 41 എംപിമാര്‍ ആണ്. ലോക്സഭയില്‍ 28 ഉം രാജ്യസഭയില്‍ 13 ഉം. ലോക് സഭയില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കാന്‍ വേണ്ട സംഖ്യ 19. ഇപ്പോള്‍ വിമത പക്ഷത്തുള്ളത് ഇരുസഭകളിലുമായുള്ള 20 പേരാണ്. മുപ്പത് പേരെങ്കിലും വിമത പക്ഷത്തേക്ക് വരുമെന്നാണ് കണക്ക് കൂട്ടല്‍. കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ വിമത പക്ഷത്തെ ചില എംപിമാര്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പിന്നാലെയാണ് ഭൂരിപക്ഷം അവകാശപ്പെട്ട് സ്പീക്കറെ കാണാനുള്ള നീക്കം. യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ഇവര്‍ അവകാശപ്പെടും. കൂറുമാറ്റം ഭീഷണിയാകാതിരിക്കാന്‍ തല്‍ക്കാലം പ്രത്യേക ബ്ലോക്കായിരിക്കാനുള്ള അനുമതി തേടും. അങ്ങനെയെങ്കില്‍ വര്‍ഷകാല സമ്മേളനത്തില് പ്രത്യേക ബ്ലോക്കാകുകയും ബിജെപിയെ പിന്തുണക്കുകയും ചെയും. വിമതപക്ഷത്തേക്ക് ചാഞ്ഞ ചില എംപിമാരെ ഒപ്പം നിർത്താൻ മമത അവസാന നിമിഷവും ശ്രമിക്കുന്നുണ്ട്. എന്നാൽ മുൻപ് മമതക്ക് ഒപ്പം നിന്നവർ ഫോൺ പോലും എടുക്കുന്നില്ലെന്നാണ് വിവരം .ഇതിനിടെ മമത ക്യാമ്പിലെ ചില മുന്‍സിപ്പല്‍ കൗൺസിലർമാരും മറുകണ്ടം ചാടാൻ നീക്കം തുടങ്ങി. വിമത പക്ഷ നേതാവ് ഋതബ്രത ബാനര്‍ജി തന്നെയാണ് നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കൊഴിഞ്ഞുപോക്ക് തടയാൻ ഇന്ത്യ സഖ്യം യോഗത്തിൽ പങ്കെടുക്കാനായി ദില്ലിക്ക് തിരിക്കും മുൻപ് ചില കൗൺസിലർമാരെ മമത ബാനർജി നേരിട്ട് കണ്ട് ഒപ്പമുണ്ടാകണമെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ താഴേ തട്ട് വരെ മമതയുടെ ശക്തി ക്ഷയിക്കുകയാണ്. തിരിച്ചടി പരമ്പരയാകുമ്പോഴും അഭിഷേക് ബാനർജിയെ നേതൃ സ്ഥാനത്ത് നിന്ന് മാറ്റാൻ മമത തയ്യാറല്ല.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News