Asianet News MalayalamAsianet News Malayalam

Omicron : കൊവിഷീൽഡിനെ ബൂസറ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി സെറം; ഡിസിജിഐയെ സമീപിച്ചു

ഓക്സ്ഫോർഡിലെ ശാസ്ത്രഞ്ജൻമാർ ഒമിക്രോണിന് പ്രത്യേകമായി ഒരു വാക്സീൻ ഉടൻ കണ്ടെത്തിയേക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല ഒരു അഭിമുഖത്തിൽ പറഞ്ഞു. 
 

Serum Institute seek dcgi s permission for using covishield vaccine as booster dose
Author
Delhi, First Published Dec 2, 2021, 12:00 PM IST

ദില്ലി: കൊവിഷീൽഡ് വാക്സീനെ ബൂസറ്റർ ഡോസായി (booster dose) ഉപയോഗിക്കാൻ അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡിസിജിഐയെ സമീപിച്ചു. ഒമിക്രോണ്‍ (Omicron)  ആശങ്ക ശക്തമാവുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നീക്കം. നിലവിൽ വാക്സീൻ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. ആസ്ട്രാ സെനേക്കാ വാക്സീനെ യുകെ ബൂസ്റ്റർഡോസായി അംഗീകരിച്ച സാഹചര്യവും നിലവിലുണ്ട്. നേരത്തെ കേരളവും കർണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങൾ ബൂസ്റ്റർഡോസ് എന്നൊരു ആവശ്യം കേന്ദ്രസ‍ർക്കാരിന് മുന്നിൽ വച്ചിരുന്നു. അതേസമയം ഓക്സ്ഫോർഡിലെ ശാസ്ത്രഞ്ജൻമാർ ഒമിക്രോണിന് പ്രത്യേകമായി ഒരു വാക്സീൻ ഉടൻ കണ്ടെത്തിയേക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല ഒരു അഭിമുഖത്തിൽ പറഞ്ഞു. 

യുഎഇ അടക്കമുള്ള കൂടുതൽ ഗൾഫ് രാജ്യങ്ങളിലും ഒമിക്രോൺ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യ കൂടുതൽ ജാഗ്രതയിലാണ്. രാജ്യത്തും വൈറസ് സാന്നിധ്യമുണ്ടോയെന്ന ആശങ്ക നിലനിൽക്കുന്നതിനെ തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളുടെ ഉന്നതതല യോഗം വിളിച്ചു. സംസ്ഥാനങ്ങൾ സ്വീകരിച്ച മുൻകരുതൽ നടപടികളും വിമാനത്താവളങ്ങളിലെ പരിശോധനയും കേന്ദ്ര മന്ത്രി വിലയിരുത്തും. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്‍റീനും ഏഴ് ദിവസം സ്വയം നിരീക്ഷണവുമാണ് നിലവിലെ നിർദ്ദേശം. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണവും നിർദ്ദേശിച്ചിട്ടുണ്ട്. 
സൌദി അറേബ്യക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ നിന്നെത്തിയ സ്ത്രീയിലാണ്​​ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ഗൾഫ് നാടുകളിൽ ഒമിക്രോൺ സ്ഥിരീകരിച്ചത് പ്രവാസികളെയും ആശങ്കയിലാക്കുകയാണ്. 

അതിനിടെ ഒമിക്രോണ്‍ ആശങ്കയ്ക്കിടെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ഇന്ന് ദില്ലി സന്ദർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കൊവിഡ് വാക്സീന്‍റെ ബൂസ്റ്റര്‍ ഡോസ്അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദില്ലി സന്ദര്‍ശനമെന്ന് കര്‍ണാടക മുഖ്യമന്ത്രി വിശദീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ സാംപിള്‍ പരിശോധന ഫലവും മുന്‍കരുതല്‍ നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും. പരിശോധന ഫലം വരാന്‍ രണ്ടുദിവസം കൂടി എടുക്കുമെന്നും പ്രഖ്യാപനം ദില്ലിയില്‍ നിന്ന് നടത്തുമെന്നും കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ വ്യക്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ സാംപിളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios