ദില്ലി: പൂനെെ ആസ്ഥാനമായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഓക്ഫോഡ് വാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണം രാജ്യത്ത് തുടങ്ങി. രാജ്യത്തെ 17 ആശുപതികളിലെ 1400 പേരിലാണ് മൂന്നാം ഘട്ട മനുഷ്യ പരീക്ഷണം നടക്കുക. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വിദേശത്ത് പരീക്ഷണം പൂർത്തിയാക്കിയ വാക്സിന്റെ അവസാന ഘട്ടത്തിനാണ് ഇന്ത്യയിൽ അനുമതി നൽകിയത്. 

രാജ്യത്ത് ആദ്യം വാക്സിൻ വിതരണത്തിന് എത്തിക്കും എന്ന് പ്രതീക്ഷിക്കുന്ന കമ്പനിയാണ് പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ട്.
രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിന്‍റെ പരീക്ഷണം പുരോഗമിക്കുന്നതായി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിന് പുറമെ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിൻ ഉൾപ്പെടെ രണ്ട് വാക്സിനുകളുടെ ആദ്യ ഘട്ട പരീക്ഷണം പൂർത്തിയായിട്ടുണ്ട്. 

അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 14,161 പേര്‍ രോഗ ബാധിതരായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും രോഗ ബാധ നിരക്ക് ഉയരുകയാണ്. ആന്ധ്രയില്‍ 9,544 ഉം കര്‍ണാടകയില്‍ 7,571 ഉം തമിഴ് നാട്ടില്‍ 5,995 ഉം പേര്‍ ഇന്നലെ രോഗ ബാധിതരായി. ഉത്തര്‍ പ്രദേശില്‍ 4,991 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിലും ബിഹാറിലും രോഗികളുടെ എണ്ണം ഉയരുകയാണ്.