പുലര്‍ച്ചെ 1.45ഓടെയാണ് വിമാനത്താവളത്തിലെ നിരവധി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിക്കൊണ്ടുള്ള സെര്‍വര്‍ തകരാര്‍ ഉണ്ടായത്. ഉടന്‍ തന്നെ പരിഹരിക്കാനുള്ള ശ്രമങ്ങളും തുടങ്ങി.
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ കംപ്യൂട്ടര്‍ സെര്‍വര്‍ തകരാര്‍ നിരവധി സര്‍വീസുകളെ ബാധിച്ചു. വിദേശ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ വൈകി. പുലര്‍ച്ചെ 1.45 മുതല്‍ 4.45 വരെ തകരാര്‍ നീണ്ടു. പിന്നീട് ഇത് പരിഹരിച്ചെന്നും സര്‍വീസുകള്‍ സുഗമമായി നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കംപ്യൂട്ടര്‍ സെര്‍വറിലെ തകരാര്‍ അന്താരാഷ്ട്ര സര്‍വീസുകളെയാണ് ബാധിച്ചത്. വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകിയത് യാത്രക്കാരെയും ബുദ്ധിമുട്ടിച്ചു. ബോര്‍ഡിങ് പാസുകളുടെ പ്രിന്റിങ്, ലഗേജ് ഹാന്റ്ലിങ് എന്നിവയെയൊക്കെ സെര്‍വര്‍ തകരാര്‍ ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ 1.45 മുതല്‍ 4.45 വരെയുള്ള സമയത്ത് പുറപ്പെടേണ്ടിയിരുന്ന കൊളംബോ, ദുബൈ, ബാങ്കോക്ക് വിമാനങ്ങള്‍ വൈകി.
തകരാര്‍ ശ്രദ്ധയില്‍പെട്ട സമയം മുതല്‍ അത് പരിഹരിക്കാനുള്ള ശ്രമങ്ങളും വിമാനത്താവളത്തിലെ ഐ.ടി വിഭാഗം സ്വീകരിച്ചു. പിന്നീട് പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിച്ചെന്നും നിലവില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സുഗഗമായി മുന്നോട്ടു പോവുന്നുണ്ടെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവന പറയുന്നു. ഒന്നാം ടെര്‍മിനലിലെ ഫയര്‍വാളിന് സംഭവിച്ച ചില പ്രശ്നങ്ങളാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതെന്നും, വിമാനത്താവളത്തിലെ ഐടി ടീം ഉടന്‍ തന്നെ അത് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചുവെന്നും പ്രസ്താവന പറയുന്നു.
Read also: വലിയ മുന്നേറ്റം, 15 ലക്ഷം ചതുരശ്രയടിയിൽ ഏപ്രണടക്കം ഒറ്റയടിക്ക് 7 പദ്ധതികൾ; കൊച്ചി വിമാനത്താവളം പൊളിയാകും!.
ഏതാനും ദിവസം മുമ്പ് നടന്ന മറ്റൊരു സംഭവത്തില്‍ നാഗ്പുരില്‍ വിമാന യാത്രക്കാരന്‍ കോഫി മേക്കറിനുള്ളില്‍ കടത്തിയ കോടികളുടെ സ്വര്‍ണം അധികൃതര്‍ പിടികൂടി. നാഗ്പുര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. യു.എ.ഇയിലെ ഷാര്‍ജയില്‍നിന്നും നാഗ്പുരിലെത്തിയ യാത്രക്കാരനില്‍നിന്നാണ് കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടികൂടിയത്. 2.10 കോടിയുടെ സ്വര്‍ണം കോഫി മേക്കറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
എയര്‍ അറേബ്യയുടെ വിമാനത്തിലെത്തിയ യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ് സ്വര്‍ണം കണ്ടെത്തിയത്. കോഫി മേക്കറിനുള്ളില്‍ 3497 ഗ്രാം സ്വര്‍ണമാണുണ്ടായിരുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം നടക്കുന്നതിനാല്‍ യാത്രക്കാരന്‍റെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അടുത്തിടെ നാഗ്പുര്‍ വിമാനത്താവളത്തില്‍ പിടികൂടുന്ന ഏറ്റവും വലിയ സ്വര്‍ണ വേട്ടകളിലൊന്നാണിത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
