ഇ.പളനിസ്വാമിയെ താൽക്കാലിക ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു

ചെന്നൈ: അണ്ണാ ഡിഎംകെയിൽ മേൽക്കൈ നേടി പളനിസ്വാമി വിഭാഗം. ജയലളിതയുടെ മരണശേഷം ഉടലെടുത്ത അനിശ്ചിതത്വം പരിഹരിക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ ഇരട്ട നേതൃത്വ പദവി റദ്ദാക്കി. പളനിസ്വാമിയെ പാർട്ടിയുടെ താൽക്കാലിക ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അതേസമയം, ഒ പനീർശെൽവം പാർട്ടി ആസ്ഥാനത്ത് തുടരുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് അണ്ണാ ഡിഎംകെ ആസ്ഥാനത്തും പരിസരങ്ങളിലും നിരോധനാജ്ഞ നടപ്പിലാക്കിയിട്ടുണ്ട്. 

ചെന്നൈയിൽ ചേർന്ന അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ യോഗമാണ്, ഒത്തുതീർപ്പ് ഫോർമുലയുടെ ഭാഗമായി പാർട്ടിയിൽ കൊണ്ടുവന്ന ഇരട്ട നേതൃത്വ പദവി റദ്ദാക്കിയത്. ജനറൽ കൗൺസിൽ ചേരുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക്, ഇന്ന് രാവിലെ മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കഴിഞ്ഞ മാസം 23ന് ചേർന്ന ജനറൽ കൗൺസിൽ യോഗം അലസിപ്പിരിഞ്ഞതിന് പിന്നാലെയാണ് വീണ്ടും യോഗം ചേരുന്നത് തടയണമെന്നാവശ്യപ്പെട്ട് പനീർശെൽവം കോടതിയെ സമീപിച്ചത്. യോഗത്തിൽ മൃഗീയ ഭൂരിപക്ഷമുള്ള ഇപിഎസ് വിഭാഗം നേരത്തെ തീരുമാനിച്ചുറച്ച പോലെ, പളനിസ്വാമിയെ പദവിയിൽ നിന്ന് നീക്കുകയായിരുന്നു. ഇരട്ട നേതൃത്വ പദവി ഉള്ള സമയത്ത്, കോർഡിനേറ്റർ പദവി കൈകാര്യം ചെയ്തിരുന്നത് പനീർശെൽവം ആയിരുന്നു. പദവിയിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ ജയലളിതയുടെ വിശ്വസ്തൻ എന്ന മേൽവിലാസം പേറുന്ന പനീർശെൽവത്തിന്റെ അടുത്ത നീക്കം ഉറ്റുനോക്കുകയാണ് തമിഴക രാഷ്ട്രീയം. 

പിഎസ്-ഇപിഎസ് പോര്; അണ്ണാ ഡിഎംകെ യോ​ഗത്തിൽ കല്ലേറ് കൈയാങ്കളി
അതേസമയം, ജനറൽ കൗൺസിൽ ചേരുന്നതിന് മുന്നോടിയായി ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തിന് പുറത്ത് ഇരുവിഭാഗത്തിന്റെയും അനുകൂലികൾ പരസ്‍പരം ഏറ്റുമുട്ടി. കല്ലേറുണ്ടാകുകയും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. പളനിസ്വാമിയുടെ വാഹനം ഒപിഎസ് വിഭാഗം അടിച്ചുതകര്‍ത്തു. ഇപിഎസ് വിഭാഗത്തിന്‍റെ പോസ്റ്ററുകള്‍ ഒപിഎസ് വിഭാഗം കത്തിച്ചു.