വിസ മാനദണ്ഡങ്ങൾ ലംഘിച്ച് മതപരമായ സഭയിൽ പങ്കെടുത്തതിന് മൂന്ന് സ്വീഡിഷ് പൗരന്മാരെ ദിബ്രുഗഡ് ജില്ലയിലെ നാംരൂപിൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സ്വീഡനിലേക്ക് നാടുകടത്തുകയും ചെയ്തതിന് പിന്നാലെയാണ് ജർമനിക്കാരെ പിടികൂടിയത്.
ഗുവാഹത്തി: ടൂറിസ്റ്റ് വിസയിൽ എത്തി മതപ്രബോധനം നടത്തിയ ഏഴ് ജർമൻ പൗരന്മാരെ അസം പൊലീസ് കസ്റ്റഡിയിലെടുത്തു. കാസിരംഗ നാഷണൽ പാർക്കിലെ സ്വകാര്യ റിസോർട്ടിലാണ് ഒക്‌ടോബർ 25 മുതൽ സംഘത്തെ കസ്റ്റഡിയിലാക്കിയത്. അസ്‌മസ് മെർട്ടൻ, ബ്ലോംലിസ എയ്‌മി, വോൺ ഒഹൈംബ് കൊർണേലിയ എലിസാവെത്ത് ഫ്രെഡറിക്, ഹിൻറിച്ച് ആൻഡ്രിയാസ്, മൈക്കൽ എറിക് ഷാപ്പർ, ഒലിയേറിയസ് ക്രിസ്യ ഡൊറോത്തിയ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മിഷനറി വിസക്ക് പകരം ടൂറിസ്റ്റ് വിസയിൽ എത്തിയാണ് ക്രിസ്തുമത പ്രചാരണം നടത്തിയതെന്നും ഇന്ത്യയുടെ വിസ നിയമങ്ങൾ ലംഘിച്ചതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും അസം പൊലീസ് അറിയിച്ചു.
ടൂറിസ്റ്റ് വിസയിലാണ് ഇവർ എത്തിയതെന്നും ടൂറിസ്റ്റ് വിസയിൽ മിഷനറി പ്രവർത്തനം അനുവദനീയമല്ലെന്നും അടുത്ത ദിവസം അവരെ അവരുടെ ജർമനിയിലേക്ക് നാടുകടത്തുമെന്നും ഗോലാഘട്ട് എസ്പി രമൺദീപ് കൗർ പറഞ്ഞു. കൃത്യമായ നിർദേശം നൽകാതെ ജർമ്മൻ സ്വദേശികളെ ക്ഷണിച്ച പ്രാദേശിക ക്രിസ്ത്യൻ സംഘടനകൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവർ അഞ്ചോളം സ്ഥലങ്ങളിൽ മതസഭകളിൽ പങ്കെടുത്തിരുന്നു. ശനിയാഴ്ച തേസ്പൂരിൽ നടക്കുന്ന മറ്റൊരു പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. വിസ മാനദണ്ഡങ്ങൾ ലംഘിച്ച് മതപരമായ സഭയിൽ പങ്കെടുത്തതിന് മൂന്ന് സ്വീഡിഷ് പൗരന്മാരെ ദിബ്രുഗഡ് ജില്ലയിലെ നാംരൂപിൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സ്വീഡനിലേക്ക് നാടുകടത്തുകയും ചെയ്തതിന് പിന്നാലെയാണ് ജർമനിക്കാരെ പിടികൂടിയത്. അസമിലെ ജനസംഖ്യയുടെ 4% ക്രിസ്ത്യാനികളാണ്. സംസ്ഥാനത്തെ മൂന്നാമത്തെ വലിയ മതമാണ് ക്രിസ്തുമതം.
നേരത്തെ ടൂറിസ്റ്റ് വിസയിലെത്തി പ്ലാന്റേഷൻ തൊഴിലാളികൾക്കിടയിൽ മതം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് സ്വീഡിഷ് പൗരന്മാരെ കസ്റ്റഡിയിലെടുത്തത്. ഹന്ന മിക്കേല ബ്ലൂം, മാർക്കസ് ആർനെ ഹെൻറിക് ബ്ലൂം, സൂസന്ന എലിസബത്ത് ഹകാൻസൺ എന്നിവരെയാണ് നഹർകാതിയ ഏരിയയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.
കാളയെ ഇടിച്ച് വന്ദേ ഭാരത് ട്രെയിനിന് വീണ്ടും തകരാറ്; ഈ മാസത്തെ മൂന്നാമത്തെ സംഭവം
