രണ്ട് മാസം മുമ്പാണ് കമല്‍നാഥ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ച് ബിജെപി അധികാരം പിടിച്ചെടുത്തത്. 

ഭോപ്പാല്‍: മന്ത്രിസഭാ വികസനത്തിന് തൊട്ടുമുമ്പ് മധ്യപ്രദേശിലെ രാജ്ഭവനില്‍ ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്ഭവന്‍ ക്യാമ്പസ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. രാജ്ഭവന്‍ പൂര്‍ണമായി അടച്ചിട്ടെന്നും അധികൃതര്‍ അറിയിച്ചു. രാജ്ഭവനിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്ഭവന്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയതോടെ ശിവരാജ് സിംഗ് ചൗഹാന്റെ മന്ത്രിസഭാ വികസനം വീണ്ടും അനിശ്ചിതത്വത്തിലായി.

ദില്ലിയിൽ മാധ്യമപ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു.

രണ്ട് മാസമായി മന്ത്രിസഭാ വികസനം നടന്നിട്ടില്ല. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് രാജ്ഭവനില്‍ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അടച്ചിട്ട ഹാളില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടത്തി മന്ത്രിമാര്‍ ചുമതലയേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.

രണ്ട് മാസം മുമ്പാണ് കമല്‍നാഥ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ച് ബിജെപി അധികാരം പിടിച്ചെടുത്തത്. കോണ്‍ഗ്രസിലെ ശക്തനായ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും പാര്‍ട്ടിവിട്ട് ബിജെപിയിലെത്തിയിരുന്നു.