ഉത്തര്‍പ്രദേശില്‍ ഏഴാംഘട്ട വോട്ടെടുപ്പ് നാളെ കഴിയുന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നു നാലിടങ്ങളില്‍ ഭരണ തുടര്‍ച്ച പ്രതീക്ഷിക്കുന്ന ബിജെപിക്ക് ഉത്തര്‍പ്രദേശിലടക്കം പഴയ പ്രതാപം തുടരാന്‍ കഴിയുമോയെന്ന് സംശയമുണ്ട്

ലഖ്നൌ: ഉത്തര്‍പ്രദേശില്‍ ഏഴാംഘട്ട വോട്ടെടുപ്പ് നാളെ കഴിയുന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നു നാലിടങ്ങളില്‍ ഭരണ തുടര്‍ച്ച പ്രതീക്ഷിക്കുന്ന ബിജെപിക്ക് ഉത്തര്‍പ്രദേശിലടക്കം പഴയ പ്രതാപം തുടരാന്‍ കഴിയുമോയെന്ന് സംശയമുണ്ട്. പഞ്ചാബില്‍ കാറ്റ് മാറി വീശിയാല്‍ കോണ്‍ഗ്രസിന്‍റെ നില പരുങ്ങലിലാകും. നാളെ വൈകീട്ട് ആറ് മണിക്ക് ശേഷം എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരും.

അഞ്ച് സംസ്ഥാനങ്ങള്‍ വിധിയെഴുതുമ്പോള്‍ എല്ലാ കണ്ണുകളും ഉത്തര്‍പ്രദേശിലേക്ക്. ഒരു വര്‍ഷത്തോളം നീണ്ട കര്‍ഷക സമരം, ലഖിംപൂര്‍ ഖേരി സംഭവം, ഉന്നാവിലെയും ഹാത്രസിലെയും പീഡന കേസുകള്‍ യോഗി സര്‍ക്കാരിനെ മുള്‍ മുനയില്‍ നിര്‍ത്തിയ ഒരു പിടി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജനവിധി നിര്‍ണ്ണായകമാണ്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും പൂര്‍വ്വാഞ്ചലിലുമായി നടന്ന ആറ് ഘട്ടങ്ങളില്‍ അഞ്ചിലും കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് ശതമാനത്തില്‍ നേരിയ കുറവുണ്ട്.

ധ്രുവീകരണ ശ്രമം കര്‍ഷക സമരത്തില്‍ പാളിയപ്പോള്‍ ഭൂരിപക്ഷ സമുദായത്തിന്‍റെ മുഴുവന്‍ പിന്തുണ യോഗിക്ക് കിട്ടിയോ എന്ന സംശയം ബിജെപിക്കുണ്ട്. രാമക്ഷേത്ര നിര്‍മ്മാണമടക്കമുള്ള വിഷയങ്ങള്‍ വേണ്ടത്ര ചര്‍ച്ചയായില്ലെന്ന് കണ്ടതോടെ ഓപ്പറേഷന്‍ ഗംഗ വരെ ആയുധമാക്കി. പഴയ ഭൂരിപക്ഷം നിലനിര്‍ത്താൻ കഴിയുമോയെന്നതാണ് ബിജെപി ക്യാമ്പിലെ ചോദ്യം .

നേര്‍ക്കുനേര്‍ പോരാട്ടമെന്ന പ്രതീതീയുണ്ടാക്കാന്‍ കഴിഞ്ഞത് നേട്ടമെന്നാണ് അഖിലേഷ് ക്യാമ്പിന്‍റെ വിലയിരുത്തല്‍. ആര്‍എല്‍ഡിയോടുള്ള പ്രിയം ജാട്ടിന് സമാജ് വാദി പാര്‍ട്ടിയോട് ഉണ്ടോയെന്നതും ചിത്രത്തിലില്ലാതാകുന്ന ബിഎസ്പിയുടെ നിലപാടും നിര്‍ണ്ണായകം. വിധിയെഴുത്തില്‍ ദളിത് പിന്നാക്ക വിഭാഗങ്ങള്‍ എങ്ങനെ ചിന്തിക്കുമെന്നതും പ്രധാനമാണ്. 

അവസാനഘട്ടത്തില്‍ ആം ആദ്മി പാര്‍ട്ടിയും അകാലിദളും നടത്തിയ മുന്നേറ്റം തിരിച്ചടിയാുമെന്ന ആശങ്ക പഞ്ചാബില്‍ കോണ്‍ഗ്രസിനുണ്ട്. ചന്നിയെ മുന്‍ നിര്‍ത്തി നടത്തിയ നീക്കത്തില്‍ ദളിത് വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിയുമോയെന്നതാണ് വെല്ലുവിളി. കേവല ഭൂരിപക്ഷമെന്ന 21 സീറ്റ് ബാലികേറാമലയായി കാണുന്ന ഗോവയില്‍ ഫലത്തിന് ശേഷമുള്ള സഖ്യ നീക്കങ്ങളിലാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും ശ്രദ്ധ. ഇരുപാര്‍ട്ടികളിലെയും കലഹത്തിന്‍റെ ബാക്കി പത്രമാകും ഉത്തരാഖണ്ഡിലെയും മണിപ്പൂരിലെയും ജനവിധി.

 'ഓഫര്‍ അവസാനിക്കുന്നു, എല്ലാവരും ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചോളൂ'; മുന്നറിയിപ്പുമായി രാഹുല്‍

ദില്ലി: അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് (Elections) തിങ്കളാഴ്ച അവസാനിക്കാനിരിക്കെ മുന്നറിയിപ്പ് നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi). വാഹനങ്ങളിലെ ഇന്ധന ടാങ്കുകള്‍ എത്രയും നിറച്ച് വെക്കാന്‍ രാഹുല്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. വിലക്കയറ്റമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'നിങ്ങളുടെ ഇന്ധന ടാങ്കുകള്‍ വേഗത്തില്‍ നിറച്ച് വെക്കുക. മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോകുകയാണ്-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അന്താരാഷ്ട്ര എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നതോടെ തെരഞ്ഞെടുപ്പിന് ശേഷം എണ്ണക്കമ്പനികള്‍ ഇന്ധന വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

യുക്രൈന്‍-റഷ്യ സംഘര്‍ഷത്തെ തുടര്‍ന്ന് റഷ്യയില്‍ നിന്നുള്ള എണ്ണ-വാതക വിതരണം തടസ്സപ്പെടുമെന്ന ആശങ്കയില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറിന് മുകളില്‍ എത്തി. പെട്രോളിയം മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) വിവരമനുസരിച്ച്, മാര്‍ച്ച് ഒന്നിന് ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയില്‍ ബാരലിന് 102 ഡോളറായി ഉയര്‍ന്നു. 2014 ഓഗസ്റ്റിനു ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അടുത്തയാഴ്ച സംസ്ഥാന തിരഞ്ഞെടുപ്പ് അവസാനിക്കെ പെട്രോളിലും ഡീസലിലും വില വര്‍ധന പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് കമ്പനിയായ ജെപി മോര്‍ഗന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ചയും വോട്ടെണ്ണല്‍ 10 നും നടക്കും. രാജ്യത്ത് തുടര്‍ച്ചയായ 118 ദിവസമായി ഇന്ധനവിലയില്‍ മാറ്റമില്ല. ദില്ലിയില്‍ പെട്രോള്‍ ലിറ്ററിന് 95.41 രൂപയും ഡീസലിന് 86.67 രൂപയുമാണ് വില.