കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അധ്യാപകര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കി.

ചെന്നൈ: ചെന്നൈ കലാക്ഷേത്രത്തിലെ മുന്‍ വിദ്യാര്‍ത്ഥിനിയുടെ ലൈംഗികാരോപണ പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. അസിസ്റ്റന്റ് പ്രൊഫസറായ ഹരി പദ്മനെതിരെയാണ് ചെന്നൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അധ്യാപകര്‍ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് 90 വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞദിവസം വനിതാ കമീഷന് പരാതി നല്‍കിയിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അധ്യാപകര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിനും വ്യക്തമാക്കിയിരുന്നു. 

അധ്യാപകര്‍ക്കെതിരെ കടുത്തആരോപണങ്ങളാണ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്. വര്‍ഷങ്ങളായി അധ്യാപകരില്‍ നിന്ന് ലൈംഗിക ദുരുപയോഗം, വര്‍ണവിവേചനം, ബോഡി ഷെയ്മിംഗ് എന്നിവ നേരിടുകയാണെന്ന് പരാതികളില്‍ പറയുന്നു. കലാപരിശീലന സമയത്തും മറ്റ് പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കിടയിലും ലൈംഗികമായി ഉപദ്രവിക്കുന്നു. ഇരകളായവരില്‍ ആണ്‍കുട്ടികളുമുണ്ട്. എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തി മാനസികമായി തളര്‍ത്തുന്ന തരത്തിലാണ് അധ്യാപകരുടെ പെരുമാറ്റമെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ക്യാമ്പസ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും തള്ളി കളയുകയായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായതോടെ കലാക്ഷേത്ര ക്യാമ്പസ് ആറാം തീയതി വരെ അടച്ചിട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളോട് ക്യാമ്പസും ഹോസ്റ്റലും വിട്ടുപോകാനും നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റാരോപിതരായ അധ്യാപകരായ ഹരിപദ്മന്‍, ശ്രീനാഥ്, സായി കൃഷ്ണന്‍, സഞ്ജിത് ലാല്‍ എന്നിവരെ പുറത്താക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. സമരം ശക്തമായതോടെ വന്‍ പൊലീസ് സന്നാഹമാണ് ക്യാമ്പസില്‍ തുടരുന്നത്. അധ്യാപകര്‍ക്കെതിരെ 100നടുത്ത് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് വനിതാ കമീഷന്‍ അധ്യക്ഷ എഎസ് കുമാരി പറഞ്ഞു. പരാതികള്‍ അന്വേഷിച്ച് നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്ന് എഎസ് കുമാരി വിദ്യാര്‍ത്ഥികളെ അറിയിച്ചു.