ദില്ലി: അമിത് ഷായുടെ വീട്ടിലേക്ക് ഇന്ന് ഷഹിന്‍ബാഗ് സമരക്കാർ നടത്താനിരുന്ന മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ജാഥ നടത്താനായിരുന്നു സമരസമിതി പദ്ധതിയിട്ടിരുന്നത്. പൗരത്വഭേദഗതി നിയമത്തില്‍ ആശങ്കയുള്ളവരുമായി ചർച്ചക്ക് തയ്യാറാണെന്ന് അമിത് ഷാ വ്യക്തമാക്കിയതിന് പന്നാലെ ചർച്ചക്ക് തയ്യാറാണെന്ന് സമരക്കാർ അറിയിച്ചിരുന്നു.

സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ നടത്താനിരുന്ന ജാഥക്ക് പൊലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെ സമരം രാജ്യത്തെ എല്ലാ വിഭാഗക്കാർക്കും വേണ്ടിയാണെന്നും എത്ര കാലം വേണമെങ്കിലും സമരം തുടരാന്‍ തയ്യാറാണെന്നുമായിരുന്നു സമരക്കാരുടെ പ്രതികരണം. 

ആര് ചർച്ചക്ക് തയ്യാറായാലും സ്വാഗതം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചർച്ചയില്‍ കേന്ദ്ര ആഭ്യന്തര അമിത്ഷാ പറഞ്ഞിരുന്നു. ഓഫീസുമായി ബന്ധപ്പെട്ടാല്‍ മൂന്നു ദിവസത്തിനകം സ്ഥലവും സമയവും അറിയിക്കുമെന്നായിരുന്നു പരാമർശം. ഈ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് ചർച്ചക്ക് തയ്യാറാണെന്ന് ഷഹിന്‍ബാഗിലെ ഒരു വിഭാഗം നിലപാടെടുത്തത്. 

എന്നാല്‍ നരേന്ദ്രമോദിയും അമിത്ഷായും ചാനലുകളില്‍ വന്ന് പ്രഹസനം നടത്തുകയാണെന്നും അല്പമെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ ഔദ്യോഗികമായി ചർച്ചക്കു ക്ഷണിക്കുകയാണ് വേണ്ടതെന്നും ഇവർ പറയുന്നു. അറിയിപ്പ് ലഭിച്ചാല്‍ അടുത്ത ദിവസം തന്നെ ചർച്ചക്ക് തയ്യാറാണ്. ഷഹീൻ ബാഗിൽ ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുന്നത് പൊലീസാണെന്നും. ഗതാഗത തടസവുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസുകളുടെ ഉത്തരവാദിത്തം സമരക്കാർക്കല്ലെന്നും ഇവർ ഒരു വട്ടം കൂടി വ്യക്തമാക്കി.