ജമ്മു കശ്മീരിലെ അതിർത്തി മേഖലയായ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിൻ്റെ ചീഫ് ഓപ്പറേറ്റിങ് കമ്മാൻഡർ കൊല്ലപ്പെട്ടു.

ജമ്മു: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിൻ്റെ ചീഫ് ഓപ്പറേറ്റിങ് കമ്മാൻഡർ ഷഹീദ് കൂട്ടെ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ അതിർത്തി മേഖലയായ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിലാണ് സംഭവം. മറ്റ് രണ്ട് ഭീകരർ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടൽ നടന്ന ഷോപിയാനിലെ കെല്ലർ എന്ന സ്ഥലത്ത് ഏഷ്യാനെറ്റ് ന്യൂസ് സംഘമെത്തി.

മൂന്ന് ഭീകരരിൽ രണ്ട് പേരെയാണ് തിരിച്ചറിഞ്ഞത്. ഷോപിയാൻ സ്വദേശി അദ്‌നാൻ ഷാഫിയാണ് കൊല്ലപ്പെട്ട രണ്ടാമൻ. ഇവർ ഇരുവരും പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ 2024 ഏപ്രിൽ 8 ന് ഡാനിഷ് റിസോർട്ടിൽ രണ്ട് ജർമൻ വിനോദസഞ്ചാരികളെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിലും 2024 മെയ് 18 ന് ഹീർപൊരയിലെ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലും ഷാഹിദ് കൂട്ടെ പ്രതിയാണ്. ഇയാൾക്ക് ഈ വർഷം ഫെബ്രുവരി മൂന്നിന് കുൽഗാമിൽ നടന്ന ആക്രമണത്തിലും പങ്കുള്ളതായാണ് സംശയം. അദ്‌നാൻ ഷാഫി 2024 ഒക്ടോബർ 18 ന് ഷോപിയാനിലെ വാചിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്.