ഇന്ത്യ - പാക് സംഘർഷത്തിനിടെ ഇന്ത്യ വിട്ട് പോകാന്‍ താത്പര്യമില്ലെന്നും ഇതാണ് തന്‍റെ വീടെന്നും വ്യക്തമാക്കി റഷ്യന്‍ യുവതി.
സമാധാനം ആഗ്രഹിക്കുന്നവരുണ്ടെങ്കിലും ലോകത്ത് ഇന്നേറ്റവും കുറവുള്ളതും അതാണ്. ആഫ്രിക്കന്‍ ഏഷ്യന്‍ വന്‍കരകളില്‍ പലയിടത്തും യുദ്ധമോ യുദ്ധത്തോളമെത്തുന്ന സംഘര്‍ഷത്തിലോ ആണ്. ഇസ്രയേല്‍ - പലസ്തീന്‍ / യമന്‍ / സിറിയന്‍ സംഘര്‍ഷങ്ങൾ ഒരു വശത്ത്. റഷ്യ - യുക്രൈന്‍ സംഘര്‍ഷം മറ്റൊരു വശത്ത്. ചൈന - തായ്‍വാന്‍ സംഘര്‍ഷം, ഇതിനിടെയിലാണ് അപ്രതീക്ഷിതമായി പഹല്‍ഗ്രാമില്‍ പാക് പിന്തുണയോടെ ഭീകരാക്രമണം നടക്കുന്നതും മാര്‍ച്ച് 8 ന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദ പരിശീല കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചതും.
ഇതിന് പിന്നാലെ ലോകം മുഴുവനും ജാഗ്രരൂകരായി. ലോകത്തെ മറ്റ് സംഘര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി രണ്ട് ആണവ രാജ്യങ്ങള്‍ തമ്മിലുള്ള സംഘർഷത്തെ, അതും പാകിസ്ഥാന്‍ പോലെ അസ്ഥിരമായ ഭരണ സംവിധാനമുള്ള ഒരു രാജ്യം ഉൾപ്പെടുന്ന സംഘർഷം. കാര്യങ്ങൾ തുടക്കം മുതല്‍ ഇന്ത്യന്‍ സേനയുടെ നിയന്ത്രണത്തിലായിരുന്നതിനാല്‍ സംഘര്‍ഷം അധികം വൈകാതെ അവസാനിച്ചു. അതിർത്തി മേഖലയിലടക്കം സമാധാനവും ശാന്തിയും തിരിച്ചെത്തി. ഇതിനിടെയാണ് ഒരു റഷ്യന്‍ യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
ഗുഡ്ഗാവില്‍ താമിസിക്കുന്ന റഷ്യന്‍ യുവതി പോളിന അഗര്‍വാളിന്‍റെ വീഡിയോയാണ് വൈറലായത്. രാജ്യത്തെ ജനങ്ങളെ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്ന തരത്തില്‍ രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനുള്ള സൈനികരുടെ ധീരതയ്ക്കും അചഞ്ചലമായ സമർപ്പണത്തിനും പോളിന ഇന്ത്യന്‍ സൈനീകരെ തന്‍റെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയിൽ പ്രശംസിച്ചു. 'എന്‍റെ റഷ്യക്കാരിയായ മുത്തശ്ശി വാര്‍ത്ത വായിച്ച് എന്നോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ചോദിച്ചു ഏത് വീട്. ഞാനിപ്പോൾ എന്‍റെ വീട്ടിലാണ് ഉള്ളത്. അത് ഇന്ത്യയിലെ ഗൂഡ്ഗാവിലാണ്.' വീഡിയോയുടെ തുടക്കത്തില്‍ പോളിന പറയുന്നു.
'റഷ്യ നല്‍കിയ ഏറ്റവും മുന്തിയ ആയുധങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇന്ത്യന്‍ സൈന്യത്തിന്‍റെ കൈയിലുണ്ട്. ഏതൊരു ഡ്രോളുകളെയും ജെറ്റുകളെയും വിമാനങ്ങളെയും അങ്ങനെ പറക്കുന്ന എന്തിനും അത് ശക്തമായ പ്രതിരോധമായി നില്‍ക്കുന്നു.' ഇതിനെല്ലാം പുറമെ സാങ്കേതിക വിദ്യയും ഇന്ത്യന്‍ സൈന്യത്തിന്‍റെ സന്നദ്ധതയും അതിനേക്കാളൊക്കെ പ്രധാനമായി ഇന്ത്യന്‍ സൈനികരുടെ നിസ്വാര്‍ത്ഥയേയും പോളിന പ്രശംസിച്ചു. 'ഇന്ത്യൻ സൈനികർക്ക് വളരെയധികം സമർപ്പണവും വിശാല ഹൃദയവുമുണ്ട്. അതിനാൽ ഞങ്ങൾക്ക് രാത്രിയിൽ സമാധാനമായി ഉറങ്ങാൻ കഴിയും. അവർ അവരുടെ ജീവൻ പണയപ്പെടുത്തുന്നു, അതിനാൽ ഞങ്ങൾ മുമ്പ് ജീവിച്ചിരുന്ന അതേ ജീവിതം നയിക്കുന്നു. എന്തെങ്കിലും സംഭവിക്കുന്നതായി ഞങ്ങൾ ശ്രദ്ധിക്കുന്നില്ല.' വീഡിയോയ്ക്ക് ഒടുവില്‍ പോളിന ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, 'ഞാൻ അവരോട് വളരെ നന്ദിയുള്ളവളാണ്. ഇന്ത്യയെ എന്‍റെ സമാധാനപരമായ വീട് എന്ന് വിളിക്കാൻ കഴിയുന്ന തരത്തിൽ ഞാൻ അവരോട് വളരെ നന്ദിയുള്ളവനാണ്'. പോളിന പറയുന്നു. പോളിനയുടെ വീഡിയോ ഒറ്റ ദിവസം കൊണ്ട് ഒന്നേകാല്‍ ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ പോളിനയോട് നന്ദി പറഞ്ഞു. മറ്റ് ചിലര്‍ ഇന്ത്യന്‍ സൈന്യം കാവലുണ്ടെന്നും സമാധാനമായി ഇരിക്കാനും എഴുതി.


