Asianet News MalayalamAsianet News Malayalam

'മഹാരാഷ്ട്രയുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനാകട്ടേ', ഷിന്‍ഡെയ്ക്ക് ആശംസയുമായി പവാര്‍

രണ്ടാഴ്ച്ചയോളം നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് പുതിയ സർക്കാർ അധികാരമേല്‍ക്കുന്നത്. 

Sharad Pawar congratulates eknath shinde on taking over as maharashtra chief minister
Author
Mumbai, First Published Jun 30, 2022, 6:57 PM IST

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന ഏകനാഥ് ഷിൻഡേയ്ക്ക് ആശംസ നേര്‍ന്ന് ശരദ് പവാര്‍. ഷിന്‍ഡേയ്ക്ക് മഹാരാഷ്ട്രയുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടേയെന്നും പവാര്‍ പറഞ്ഞു. രണ്ടാഴ്ച്ചയോളം നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് മഹാരാഷ്ട്രയില്‍ പുതിയ സർക്കാർ അധികാരമേല്‍ക്കുന്നത്. ഏകനാഥ് ഷിൻഡേയായിരിക്കും മുഖ്യമന്ത്രി. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസാണ് പ്രഖ്യാപനം നടക്കിയത്. രാത്രി 7.30 നാണ് സത്യപ്രതിജ്ഞ നടക്കുക. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.

ഫട്നാവിസ് ഉപമുഖ്യമന്ത്രിയാവണമെന്ന് ജെ പി നദ്ദ ആവശ്യപ്പെട്ടു. ഫട്നാവിസ് സര്‍ക്കാരിന്‍റെ ഭാഗമാകുമെന്നും നദ്ദ പറഞ്ഞു. മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്നായിരുന്നു ഫട്‍നാവിസിന്‍റെ പ്രതികരണം. രണ്ടര വർഷക്കാലം നീണ്ടുനിന്ന മഹാവികാസ് അഖാഡി സഖ്യസർക്കാരിനാണ് ഇന്നലെ കര്‍ട്ടന്‍ വീണത്. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നിൽക്കാതെ ഉദ്ദവ് രാജി വച്ചിട്ടും മഹാരാഷ്ട്രയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല. ഉദ്ദവിന്‍റെ എതിരാളിയായ ഷിന്‍ഡേയെ മുഖ്യമന്ത്രി പദവിലേത്തിച്ചാണ് ബിജെപി തിരിച്ചടിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നദ്ദയുടേയും പിന്തുണയുള്ള സർക്കാരാണ് അധികാരത്തിൽ വരുന്നതെന്ന് ഏകനാഥ്‌ ഷിൻഡേ പ്രതികരിച്ചു. മഹാരാഷ്ട്രയെ വികസനത്തിലേക്ക് നയിക്കുമെന്നും ഷിൻഡേ പറഞ്ഞു.1980 ൽ ശിവസേനയിൽ പ്രവർത്തനം തുടങ്ങിയ ഏകനാഥ്‌ ഷിൻഡേ 2004 മുതൽ തുടർച്ചയായി നാല് തവണ എംഎൽഎയായി. ഉദ്ദവ് സർക്കാരിന്‍റെ നഗര വികസന മന്ത്രി ആയിരുന്നു ഏകനാഥ്‌ ഷിൻഡേ. ഉദ്ദവ് സർക്കാരിനെ വീഴ്ത്താൻ നേതൃത്വം നൽകിയ ഷിൻഡേ തന്നെ ഇപ്പോള്‍ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുകയാണ്.

Follow Us:
Download App:
  • android
  • ios