അധികാരത്തെച്ചൊല്ലി ബിജെപിയും ശിവസേനയും തമ്മിലുള്ള തര്‍ക്കം കുട്ടിക്കളിയാണെന്ന് ശരദ് പവാര്‍. ജനങ്ങള്‍ എന്‍സിപിയോട് പ്രതിപക്ഷത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. 

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചുള്ള ബിജെപി - ശിവസേന തര്‍ക്കം കുട്ടിക്കളിയാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. പ്രതിപക്ഷത്തിരിക്കാനാണ് എന്‍സിപിയോട് ജനങ്ങള്‍ ആവശ്യപ്പെട്ടതെന്നും പാര്‍ട്ടി അത് ചെയ്തെന്നും ശരദ് പവാര്‍ പറഞ്ഞു. 

എന്‍സിപിയുടെയും കോണ്‍ഗ്രസിന്‍റെയും പിന്തുണയോടെ ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാരത്തിനായി വടംവലി നടത്തുന്ന ബിജെപിയെയും ശിവസേനയെയും പവാര്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷത്ത് ഇരിക്കാന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെ ചെയ്തെന്നും ആ സ്ഥാനം ഫലപ്രദമായി നിര്‍വ്വഹിക്കുമെന്നും പവാര്‍ പറഞ്ഞു. അതേസമയം ബിജെപി ശിവസേന തര്‍ക്കം രൂക്ഷമായതോടെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചു. ശരദ് പവാര്‍ ഈ മാസം 4 ന് സോണിയ ഗാന്ധിയെ സന്ദര്‍ശിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.