ദില്ലി: ഉന്നാവ് പെണ്‍കുട്ടിയെക്കുറിച്ച് ശശി തരൂര്‍ എംപിയുടെ പരാമര്‍ശം വിവാദമാകുന്നു. ഉന്നാവ് പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട തരൂരിന്‍റെ ട്വീറ്റിലെ വാക്കുകളാണ് വിമര്‍ശനത്തിന് കാരണം.

'ഉന്നാവിന്‍റെ മകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. കഴിഞ്ഞ വര്‍ഷം അവള്‍ക്ക് 'വിശുദ്ധി' നഷ്ടപ്പെട്ടു(lost her innocence). പിന്നെ മാതാപിതാക്കളെയും ബന്ധുക്കളെയും അഭിഭാഷകനെയും നഷ്ടമായി. ജീവനും അന്തസ്സിനും വേണ്ടി അവള്‍ ഇപ്പോഴും പോരാടുകയാണ്. സര്‍ക്കാറിന്‍റെ പരിഗണനയും മെച്ചപ്പെട്ട ചികിത്സയും അവള്‍ അര്‍ഹിക്കുന്നു' എന്നായിരുന്നു തരൂരിന്‍റെ ട്വീറ്റ്.

ഇതില്‍ വിശുദ്ധി നഷ്ടപ്പെട്ടു എന്ന പാരമര്‍ശമാണ് വിവാദത്തിന് കാരണമായത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വിശുദ്ധി നഷ്ടപ്പെട്ടു എന്ന പ്രയോഗം ശരിയല്ലെന്ന വിമര്‍ശനവുമായി നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തെത്തി. തുടര്‍ന്ന് വിശദീകരണവുമായി ശശി തരൂരും രംഗത്തെത്തി.