Asianet News MalayalamAsianet News Malayalam

തരൂരിന് മത്സരിക്കാന്‍ പച്ച കൊടി; അധ്യക്ഷ സ്ഥാനത്തിന് മത്സരം നടക്കുന്നതിനോട് എതിർപ്പില്ലെന്ന് സോണിയ

രാഹുൽ ഗാന്ധി മത്സരിക്കില്ല സോണിയ അറിയിച്ചതായും സൂചനയുണ്ട്. ശശി തരൂരുമായുള്ള കൂടിക്കാഴ്ചയിലാണ് സോണിയ ഗാന്ധി  നിലപാടറിയിച്ചത്.

Shashi Tharoor may likely to contest for the post of congress president meet sonia gandhi
Author
First Published Sep 19, 2022, 8:46 PM IST

ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് മത്സരിക്കാമെന്ന് സോണിയ ഗാന്ധി. ഇന്ന് നടന്ന കൂടിക്കാഴ്ചയിലാണ് സോണിയ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധി മത്സരിച്ചേക്കില്ലെന്നും സോണിയ അറിയിച്ചതായാണ് വിവരം. രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്കില്ലെങ്കില്‍ മത്സരിക്കാന്‍ തരൂര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പൊതു സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കത്തിന്‍റെ ഭാഗമായി തരൂര്‍  പല നേതാക്കളോടും സംസാരിച്ചിരുന്നു.

അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ശശി തരൂര്‍ എം പി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ദില്ലി ജന്‍പഥിലെ സോണിയ ഗാന്ധിയുടെ വസതിയില്‍ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. തെരഞ്ഞെടുപ്പിലെ മത്സര സാധ്യതയടക്കം ചര്‍ച്ചയായെന്നാണ് സൂചന. അശോക് ഗലോട്ട് മത്സരത്തിനിറങ്ങിയാല്‍ തരൂര്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു. ഇതിനിടെയാണ് ശശി തരൂര്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതും മത്സരത്തിന് പച്ച കൊടി വീശുന്നതും.

അതേസമയം,  മഹാരാഷ്ട്ര, ജമ്മുകശ്മീര്‍, യുപി  കോണ്‍ഗ്രസ് ഘടകങ്ങള്‍ കൂടി രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന പ്രമേയം പാസാക്കി. രാജസ്ഥാന്‍, ഛത്തീസ് ഘട്ട്, ഗുജാറാത്ത് ഘടകങ്ങള്‍ രാഹുല്‍ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് ഇതിനോടകം പ്രമേയം പാസാക്കിയിരുന്നു. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന സൂചന രാഹുൽ ഗാന്ധി നല്‍കുമ്പോഴും സമ്മര്‍ദ്ദത്തിനാണ് ഒരു വിഭാഗം നേതാക്കളുടെ ശ്രമം. രാഹുല്‍ അധ്യക്ഷനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യമുണ്ടാകില്ല. മറ്റാരേയും അംഗീകരിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായേക്കില്ല. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ തന്നെ പാര്‍ട്ടിയെ നയിക്കണമെന്നും പ്രമേയങ്ങള്‍ ആവശ്യപ്പെടുന്നു.

അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന തീരുമാനം രാഹുല്‍ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട ഛത്തീസ് ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാന ഘടകങ്ങള്‍ ഈയാവശ്യവുമായി രംഗത്തെത്തുമെന്നറിയിച്ചു. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ഗാന്ധി കുടുംബം ആവര്‍ത്തിക്കുമ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന് മേല്‍ സമ്മര്ദ്ദമുണ്ട്. പദവി ഏറ്റെടുക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടെങ്കിലും ഗലോട്ട് സമ്മതം അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി പദം ഉപേക്ഷിച്ച് മറ്റ് പദവികള്‍ ഏറ്റെടുക്കാന്‍ ഗലോട്ടിന് താല്‍പര്യമില്ലെന്നാണ് വിവരം. 

Follow Us:
Download App:
  • android
  • ios