ഒരു സ്റ്റാൻഡ്-അപ്പ് കോമേഡിയന്റെ വേദിയെ ഭീഷണിപ്പെടുത്തുന്നത് അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണെന്ന് ശശി തരൂര്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം: ബജ്‌റംഗദള്‍ ഭീഷണിയെ തുടര്‍ന്ന് സ്റ്റാന്‍ഡ് അപ് കോമഡി കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയുടെ അവസ്ഥ രാജ്യത്തിന് നാണക്കേടാണെന്ന് ശശി തരൂര്‍ എംപി. ആവിഷ്‌കാര സ്വാതന്ത്ര്യം പല രൂപത്തില്‍ അടിച്ചമര്‍ത്തപ്പെടാറുണ്ട്.,ഒരു സ്റ്റാൻഡ്-അപ്പ് കോമേഡിയന്റെ വേദിയെ ഭീഷണിപ്പെടുത്തുന്നത് അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണെന്ന് ശശി തരൂര്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു.

സംഘപരിവാര്‍ സംഘടനകളുടെ നിരന്തരമായ ഭീഷണികള്‍ക്ക് പിന്നാലെ സ്റ്റാന്‍ഡ് അപ് കോമഡി കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖി പ്രഖ്യാപിച്ചിരുന്നു. വിദ്വേഷം ജയിക്കുകയും കലാകാരന്‍ തോല്‍ക്കുകയും ചെയ്യ്തുവെന്നാണ് മുനവര്‍ പ്രതികരിച്ചത്. ബെംഗളൂരുവില്‍ നടത്തേണ്ടിയിരുന്ന പരിപാടി ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കിയതിന് പിന്നാലെയാണ് മുനവ്വര്‍ ഫാറൂഖിയുടെ പ്രതികരണം. 'വിദ്വേഷം വിജയിച്ചു, കലാകാരന്‍ തോറ്റു. എനിക്കു മതിയായി. വിട' മുനവ്വര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 12 പരിപാടികളാണ് ഭീഷണി മൂലം മുനവ്വറി റദ്ദാക്കേണ്ടി വന്നത്.

അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറുമായി ബന്ധപ്പെട്ട ഒരു സംഘടനയാണ് ബെംഗളൂരുവില്‍ മുനവറിന്‍റെ ഷോ സംഘടിപ്പിച്ചിരുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണമായിരുന്നു പരിപാടിയുടെ ലക്ഷ്യം. എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഷോ നടത്തരുതെന്ന് പൊലീസ് ഓഡിറ്റോറിയത്തിന്റെ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. ബജ്‌റംഗദളിന്റെ ഭീഷണിയെ തുടര്‍ന്ന് മുംബൈയിലും കഴിഞ്ഞ മാസം മുനവറിന്‍റെ പരിപാടി റദ്ദാക്കിയിരുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസില്‍ മുനവ്വറിനെ ജയിലില്‍ അടയ്ച്ചതും വലിയ വിവാദമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് മുനവറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയത്.

Scroll to load tweet…