ദില്ലി: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വിമർശനവുമായി ശശി തരൂർ എംപി. ഒരു രാജ്യത്തലവനോ സര്‍ക്കാരോ മറ്റൊരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് തന്റെ ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു.

കൊവിഡ് ചികിത്സയ്‍ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ചെയ്യുന്നതിന് അനുകൂല തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെയാണ് ശശി തരൂർ രംഗത്തെത്തിയത്.

"എന്റെ ദശാബ്ദങ്ങളായുള്ള അനുഭവത്തില്‍, ഒരു രാജ്യത്തലവന്‍ മറ്റൊരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് ആദ്യമായി കേള്‍ക്കുകയാണ്. ഇന്ത്യയിലെ ഹൈഡ്രോക്സിക്ലോറോക്വിൻ എങ്ങനെയാണ് നിങ്ങളുടേതായി മാറുന്നത് മിസ്റ്റര്‍ പ്രസിഡന്റ്? ഇന്ത്യ വിൽപ്പന നടത്താൻ തീരുമാനിച്ചാൽ മാത്രമേ അമേരിക്കയ്‍ക്ക് അത് ലഭിക്കുകയുള്ളൂ" ശശി തരൂർ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം വാഷിംഗ്ടണിൽ വച്ചായിരുന്നു ട്രംപിന്റെ പ്രസ്താവന. കൊവിഡിനെതിരെ പോരാടാന്‍ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ ട്രംപ് മോദിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. ജനസംഖ്യ കൂടുതലുള്ള രാജ്യമായതിനാല്‍ ഇന്ത്യയില്‍ മരുന്ന് ആവശ്യത്തിനുണ്ടാകാമെന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയുടെ ആവശ്യം അവര്‍ ഗൗരവമായി പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് വൈറ്റ്ഹൗസില്‍ നടന്ന യോഗത്തിലും ട്രംപ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരോട് സംസാരിച്ചെന്നും ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ആവശ്യപ്പെടുന്നത് ലജ്ജിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.