യുക്രൈയിനിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ഉള്ളപ്പോൾ യുക്രൈയിനോട് സൗഹൃദപരമായ സമീപനം വേണം എന്നാണ് തന്റെ അഭിപ്രായം. യുക്രൈയിനിൽ നിന്ന്  ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വൈകി. ഇന്ത്യ ഇപ്പോൾ സ്വീകരിക്കുന്ന മൗനം മോശമായി എന്നാണ് തന്റെ അഭിപ്രായം എന്നും ശശി തരൂർ പറഞ്ഞു.

ദില്ലി: റഷ്യ യുക്രൈൻ വിഷയത്തിൽ (Russia Ukraine Crisis) ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെതിരെ ശശി തരൂർ എം പി (Shashi Tharoor) രം​ഗത്ത്. അന്താരാഷ്ട്ര തലത്തിൽ ചില തത്വങ്ങൾ ഉണ്ട്. റഷ്യ (Russia) ചെയ്യുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. റഷ്യയോട് സംസാരിച്ച് യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഇന്ത്യ ശ്രമിക്കണം എന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. 

യുക്രൈയിനിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ഉള്ളപ്പോൾ യുക്രൈയിനോട് സൗഹൃദപരമായ സമീപനം വേണം എന്നാണ് തന്റെ അഭിപ്രായം. യുക്രൈയിനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വൈകി. ഇന്ത്യ ഇപ്പോൾ സ്വീകരിക്കുന്ന മൗനം മോശമായി എന്നാണ് തന്റെ അഭിപ്രായം എന്നും ശശി തരൂർ പറഞ്ഞു.

യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി അവസാനിപ്പിക്കാൻ യുക്രൈൻ സ്ഥാനപതി ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനുമായി ഇക്കാര്യം സംസാരിക്കണമെന്ന് യുക്രൈയിൻ സ്ഥാനാപതി ഇഗോർ പോളിഖ ആഭ്യർത്ഥിച്ചു. . ഇന്ത്യയും റഷ്യയും തമ്മിൽ നല്ല ബന്ധത്തിലാണെന്നും പുടിനുമായി മോദി സംസാരിക്കണമെന്നും ഇഗോൾ പോളിഖ ആഭ്യർത്ഥിച്ചു മോദിയെ പോലെ ശക്തനായ നേതാവിനെ പുടിൻ കേൾക്കും. ഇന്ത്യയുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സ്ഥാനപതി വ്യക്തമാക്കി.

വിഷയം ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാട് ആണ് ഇന്ത്യ ആവർത്തിച്ചത്. യുക്രൈയിനെതിരെ റഷ്യ സൈനിക നീക്കം തുടങ്ങിയത് മുതൽ നിഷ്പക്ഷ നിലപാടിലായിരുന്നു ഇന്ത്യ. യുദ്ധത്തിലേക്ക് നീങ്ങാതെ വിഷയം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര രക്ഷാസമിതിയിലും ആവശ്യപ്പെട്ടു. യുദ്ധസന്നാഹവുമായി റഷ്യ യുക്രൈൻ അതിർത്തിക്കടന്നതിന് പിന്നാലെ കൂടിയ രക്ഷാ സമിതി യോഗത്തിൽ ഒരു രാജ്യവും മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നത് ശരിയല്ലെന്നും വിഷയം എത്രയും വേഗം തീർപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു, റഷ്യയുടെ പേര് എടുത്ത് പറയാതെയായിരുന്നു ഇന്ത്യയുടെ പ്രസ്താവന. 

യുറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിയും ഇന്ത്യയുടെ ഇടപെൽ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ വിളിച്ചു. എന്നാൽ നിഷ്പക്ഷ നിലപാടാണ് ഇന്ത്യയ്ക്കെന്ന് വിദേശകാര്യസഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് പ്രതികരിച്ചു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തി. റഷ്യയ്ക്ക് പിന്തുണ നല്കുന്ന സമീപനമാണ് പാകിസ്ഥാൻ സ്വീകരിക്കുന്നത്.