അധ്യക്ഷ തെരഞ്ഞെടുപ്പ് നന്നായി നടത്താൻ കോൺഗ്രസിന് അറിയാമെന്നും, ബി ജെ പിക്ക് സാധിക്കുമെങ്കിൽ ഇങ്ങനെയൊന്ന് നടത്തി കാണിക്കണമെന്നും തരൂർ വെല്ലുവിളിച്ചു

ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെക്കുറിച്ച് അഭിപ്രായം പറഞ്ഞ ബി ജെ പി വക്താവിന് ശശി തരൂരിന്‍റെ മറുപടി. അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രഹസനമാണെന്ന് തരൂരിന് പോലും മനസിലായെന്ന ബി ജെ പി വക്താവ് അമിത് മാളവ്യയുടെ അഭിപ്രായത്തിനാണ് തരൂർ കണക്കിന് മറുപടി പറഞ്ഞത്. കോൺഗ്രസ് പാർട്ടിയിലെ കാര്യങ്ങൾ ഞങ്ങൾ തന്നെ നോക്കികോളാം എന്നും അതിനകത്ത് കയറി ബി ജെ പി നേതാക്കൾ അഭിപ്രായം പറയേണ്ടതില്ലെന്നും തരൂർ വ്യക്തമാക്കി. അധ്യക്ഷ തെരഞ്ഞെടുപ്പ് നന്നായി നടത്താൻ കോൺഗ്രസിന് അറിയാമെന്നും, ബി ജെ പിക്ക് സാധിക്കുമെങ്കിൽ ഇങ്ങനെയൊന്ന് നടത്തി കാണിക്കണമെന്നും തരൂർ വെല്ലുവിളിച്ചു. കോൺഗ്രസ് പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങൾ നോക്കാൻ ഞങ്ങൾ തികച്ചും പ്രാപ്തരാണെന്നും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തരൂർ ട്വീറ്റിൽ പറഞ്ഞു.

Scroll to load tweet…

അതേസമയം ശശി തരൂരിനെ ചൂണ്ടികാട്ടി കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രഹസനമാണെന്നാണ് ബി ജെ പി വക്താവ് അമിത് മാളവ്യ നേരത്തെ പറഞ്ഞത്. വോട്ടർമാരുടെ പട്ടിക പോലും കൃത്യമായി പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് തരൂരിന് മനസിലായെന്നും മാളവ്യ പറഞ്ഞിരുന്നു. ഗാർഖെയ്ക്ക് പ്രചാരണത്തിൽ വലിയ സ്വീകരണം ലഭിക്കുന്നതിലും മാളവ്യ അഭിപ്രായം പറഞ്ഞിരുന്നു. കോൺഗ്രസ് നേതൃത്വം ഗാർഖെയ്ക്കൊപ്പമാണെന്നും സംസ്ഥാന അധ്യക്ഷൻമാർ ഓടിനടന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടിയിരുന്നു. നേതാക്കളാരും തരൂരിന് വേണ്ടി രംഗത്തില്ലെന്നതും ബി ജെ പി വക്താവ് ചൂണ്ടികാട്ടിയിരുന്നു. പി സി സി അധ്യക്ഷൻമാരെല്ലാം ഖർഗെയ്ക്ക് വേണ്ടി ആവേശത്തോടെയാണ് പ്രചാരണം നടത്തുന്നത്. എന്നാൽ തരൂരിന് വേണ്ടി പ്രമുഖ നേതാക്കളിൽ ഒരാൾ പോലും രംഗത്തില്ല. ഗാന്ധി കുടുംബത്തിന് ഉടൻ തന്നെ എം എം എസ് 2.0 പതിപ്പ് ലഭിക്കുമെന്നും അമിത് മാളവ്യ പരിഹസിച്ചിരുന്നു.

'തരൂരിനും ഖര്‍ഗെക്കും നല്‍കിയത് ഒരേ ഒരേ പട്ടിക'; ശശി തരൂരിന്റെ പരാതി തള്ളി മധുസൂദൻ മിസ്ത്രി