ദില്ലി: പൗരാവകാശം അഭിപ്രായ സ്വാതന്ത്ര്യം എന്നിവ അടിസ്ഥാനമാക്കിയ റാങ്കിങ്ങിൽ ഇന്ത്യ പിന്നിലെന്ന റിപ്പോർട്ട് രാജ്യത്തിന് നാണക്കേടെന്ന് ശശി തരൂർ എംപി. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ജനാധിപത്യമുഖം നഷ്ടപ്പെട്ടു എന്നും ശശി തരൂർ പറഞ്ഞു. വാഷിങ്ങ്ടൺ ആസ്ഥാനമായ ഫ്രീഡം ഹൗസ് പുറത്തിറക്കിയ പട്ടികയിൽ ഇന്ത്യ 88-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.

പൗരാവകാശവും, അഭിപ്രായ സ്വാതന്ത്ര്യവും അടക്കം 25 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു ഫ്രീഡം ഹൗസിൻ്റെ പഠനം. 2021 ലെ റിപ്പോർട്ട് പ്രകാരം 211 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 83 ആം സ്ഥാനത്ത് നിന്നും 88 ആം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അന്താരാഷ്ട്ര തലത്തിലുള്ള വിലയിരുത്തൽ രാജ്യത്തിന് നാണക്കേട് എന്ന് ശശി തരൂർ പറഞ്ഞു. ഫ്രീഡം ഹൗസ് മാത്രമല്ല സ്വീഡൻറെ പ്രസിദ്ധമായ വി ഡെം ഇൻസ്റ്റിട്യൂട്ടും ജനാധിപത്യത്തിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ റാങ്ക് താഴ്ത്തി എന്നും തരൂർ സൂചിപ്പിച്ചു. പഠനങ്ങളില്ലാതെ തന്നെ രാജ്യത്തെ ജനാധിപത്യ മൂല്യങ്ങൾ ഇടിയുന്നത് ജനങ്ങൾ മനസിലാക്കുന്നുണ്ട്. ജനങ്ങളുടെ അവകാശങ്ങളെ ബഹുമാനിക്കാൻ സർക്കാർ തയ്യാറാകണമെന്നും തരൂർ ആവശ്യപ്പെട്ടു.

കൊവിഡിനെ തുടർന്ന് രാജ്യത്ത് നടപ്പിലാക്കിയ ലോക്ഡൗൺ, പോയ വർഷമുണ്ടായ കലാപങ്ങൾ, രാജ്യത്തെ മാധ്യമപ്രവ‍ർത്തകർക്കും, ആക്റ്റിവിസ്റ്റുകൾക്കുമെതിരെയുള്ള നടപടികൾ, ആൾക്കൂട്ട ആക്രമണങ്ങൾ കൂടിയത് , യുഎപിഎ യുടെ ദുരുപയോഗം എല്ലാം പരിഗണിച്ചപ്പോൾ പൗരാവകാശ സംരക്ഷണത്തിൽ ഇന്ത്യക്ക് ലഭിച്ചത് നൂറിൽ 67 മാർക്കാണ്. രാജ്യത്തിപ്പോൾ സ്വാതന്ത്ര്യത്തിനു പകരം അർദ്ധ സ്വാതന്ത്ര്യം ആണ് ഉള്ളതെന്നും റിപ്പോർട്ടിലുണ്ട്.ഇക്വോഡാർ, ഡൊമിനിക്കൻ റിപബ്ലിക്ക് പോലുള്ള രാജ്യങ്ങൾക്കൊപ്പമാണ് ഇപ്പോൾ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം. ഫിൻലാൻഡ്, നോർവേ തുടങ്ങിയ രാജ്യങ്ങളാണ് നൂറിൽ നൂറ് നേടി പട്ടികയിൽ ഒന്നാമത്. ഒരു മാർക്ക് നേടിയ സിറിയ, ടിബെറ്റ് എന്നീ രാജ്യങ്ങൾ ഏറ്റവും പിന്നിലായി.

ഫ്രീഡം ഹൗസിൻ്റെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ തന്നെ 20 ശതമാനം ജനങ്ങൾ മാത്രമാണ് പൂർണ്ണ സ്വാതന്ത്ര്യം അനുഭവിക്കുന്നത്. ലോകത്താകമാനം ജനാധിപത്യത്തിൽ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതിൻറെ ഭാഗമാണ് ഇന്ത്യയിലെ മാറ്റം എന്നും റിപ്പോർട്ടിൽ പറയുന്നു.