ദില്ലി: ജമ്മു കശ്മീരില്‍ വീടിടുതടങ്കലിലാക്കപ്പെട്ട മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് തരൂര്‍ ഒമര്‍ അബ്ദുള്ളയെ പിന്തുണച്ചത്.
ഇന്ത്യക്കാരനായ ഓരോ ജനാധിപത്യ വാദിയും കശ്മീരില്‍ തടങ്കലിലാക്കപ്പെട്ട മുഖ്യധാരാ നേതാക്കളോടൊപ്പം നില്‍ക്കുമെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.

'നിങ്ങള്‍ ഒറ്റയ്ക്കല്ല ഒമര്‍ അബ്ദുള്ള, ജനാധിപത്യവാദികളായ ഓരോ ഇന്ത്യക്കാരനും നമ്മുടെ രാജ്യത്തിനായി സര്‍ക്കാര്‍ കരുതിവെച്ചതെന്താണോ അതിനെ നേരിടാനൊരുങ്ങുന്ന കശ്മീരിലെ മുഖ്യധാരാ നേതാക്കള്‍ക്ക് ഒപ്പമുണ്ടാകും. പാര്‍ലമെന്‍റില്‍ ഇപ്പോഴും സമ്മേളനം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ ശബ്ദം അവസാനിച്ചിട്ടില്ല'- തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീട്ടുതടങ്കലിലായതിന് പിന്നാലെ ശശി തരൂര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. 'അവരെ നമ്മള്‍ ഒഴിവാക്കിയാല്‍ പിന്നെയാരാണ് ബാക്കി കാണുക? ജമ്മു കശ്മീരില്‍ എന്താണ് നടക്കുന്നത്? തെറ്റുചെയ്യാത്ത നേതാക്കളെ എന്തിനാണ് അര്‍ധരാത്രി അറസ്റ്റ് ചെയ്യുന്നത്. കശ്മീരികളും ഇന്ത്യന്‍ പൗരന്മരാണ്. അവരുടെ നേതാക്കള്‍ നമ്മുടെ പങ്കാളികളാണ്. ഭീകരര്‍ക്കെതിരെ നീങ്ങുമ്പോള്‍ മുഖ്യധാരയിലുള്ളവരെ നമ്മള്‍ കൂടെനിര്‍ത്തേണ്ടതല്ലേ'- അദ്ദേഹം ചോദിച്ചു. 

 മുൻ മുഖ്യമന്ത്രിമാരായ പിഡിപി നേതാവ് മെഹബൂബ മുഫ്തിയെയും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെയുമാണ് വീട്ടുതടങ്കലിലാക്കിയത്. പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണിനെയും വീട്ടു തടങ്കലിലാക്കിയിട്ടുണ്ട്.