ദില്ലി: കോൺഗ്രസിലെ കത്ത് വിവാദം അവസാനിപ്പിക്കണമെന്ന് ശശി തരൂർ ട്വിറ്ററിൽ.പാർട്ടിയുടെ നന്മയ്ക്കായി ഒന്നിച്ച് പ്രവർത്തിക്കണമെന്നും തരൂർ വ്യക്തമാക്കുന്നു. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ നാല് ദിവസമായി തരൂർ ഈ വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു. സോണിയാ ഗാന്ധിയുടെ പ്രസ്താവനകളെ പരാമർശിച്ചാണ് തരൂർ വിവാദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കൾ നൽകിയ കത്തിനെ ചൊല്ലി രൂക്ഷമായ വാദ പ്രതിവാദങ്ങളാണ് ഉണ്ടായത്. പ്രവർത്തക സമിതിയിൽ വരെ വലിയ പൊട്ടിത്തെറികൾ ഉണ്ടായി. കത്തെഴുതിയ നേതാക്കൾക്കെതിരെയും ഹൈക്കമാന്‍റിനെഴുതിയ കത്ത് മാധ്യമങ്ങൾക്ക് ചോര്‍ന്ന് കിട്ടയിതിനെ കുറിച്ചും രാജ്യമൊട്ടാകെ വലിയ തോതിൽ പാർട്ടി നേതാക്കൾ തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായി.

കത്തിൽ ഒപ്പിട്ട 23 നേതാക്കളിൽ ശശി തരൂരും ഉണ്ടായിരുന്നു. തരൂരിനെതിരെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് രംഗത്ത് വന്നിരുന്നു. പാർട്ടി അച്ചടക്കം എല്ലാവരും പാലിക്കണം. അഭിപ്രായം പാർ‍ട്ടി വേദികളിലാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വരാതെ ദില്ലിയിലിരുന്ന് നിരന്തരമായി നേതാക്കളെ കാണുന്ന ആളാണ് തരൂർ. എന്തിനാണ് കത്തെഴുതിയതെന്ന് വ്യക്തമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതേസമയം കത്തിലൊപ്പിട്ട പിജെ കുര്യനെ മുല്ലപ്പള്ളി ന്യായീകരിക്കുകയും ചെയ്തിരുന്നു.