ഉദയ് കൃഷ്ണക്കെതിരെ വനിതാ ട്രെയിനിയായ ഐപിഎസ് ഉദ്യോഗസ്ഥ ലൈംഗിക പീഡന പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ യുവതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും വിവാഹശേഷം ബന്ധം തുടരാൻ യുവതി നിർബന്ധിച്ചെന്നും ഇയാൾ ആരോപിക്കുന്നു.

ഹൈദരാബാദ്: സഹപ്രവർത്തകയായ വനിതാ ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥയുടെ ലൈംഗിക പീഡന പരാതിയിൽ ഗുരുതര ആരോപണവുമായി കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ. താനും പരാതിക്കാരിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും എന്നാൽ വിവാഹിതയായ ശേഷവും ബന്ധം തുടരാൻ യുവതി തന്നെ നിർബന്ധിച്ചെന്നും ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥൻ ഉദയ് കൃഷ്ണ റെഡ്ഡി. ഉദയ് കൃഷ്ണക്കെതിരെ വനിതാ ട്രെയിനിയായ ഐപിഎസ് ഉദ്യോഗസ്ഥ ലൈംഗിക പീഡന പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ യുവതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. 

ഹൈദരാബാദ് എറഗഡ്ഡയിലെ സുഹൃത്തിന്റെ വീട്ടിൽ തിങ്കളാഴ്ച രാവിലെ ബോധരഹിതനായി വീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ് ഉദയ്. തനിക്കെതിരെ ആരോപണമുന്നയിച്ച സഹപ്രവർത്തകയുമായി പ്രണയബന്ധമുണ്ടായിരുന്നെന്നും, വിവാഹശേഷവും ആ അടുപ്പം തുടരണമെന്ന് അവർ നിർബന്ധിച്ചിരുന്നെന്നും ഉദയ് കൃഷ്ണ റെഡ്ഡി പറയുന്നു. അതേസമയം അമിത അളവിൽ മദ്യം ഉള്ളിൽ ചെന്നതാണ് ഉദയ് കൃഷ്ണ റെഡ്ഡിയുടെ ബോധക്ഷയത്തിന് കാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചു. ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന രീതിയിലും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 

ഹൈദരാബാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ പരിശീലനം നേടുന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. മോശം സന്ദേശങ്ങൾ അയച്ചു, അധിക്ഷേപകരമായി സംസാരിച്ചു, ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചു, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. റെഡ്ഡി തനിക്ക് വാട്‌സ്ആപ്പിലൂടെ ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചതായും സഹ-പ്രൊബേഷണർമാർക്ക് മുന്നിൽ തന്നെക്കുറിച്ച് മോശമായ പരാമർശങ്ങൾ നടത്തിയതായും യുവതി തന്റെ പരാതിയിൽ ആരോപിച്ചു. 

മറ്റൊരു ട്രെയിനിയുമായി തനിക്ക് ബന്ധമുണ്ടെന്ന് ഉദയ് ആവർത്തിച്ച് ആരോപിക്കുകയും, അത് സമ്മതിക്കാൻ നിർബന്ധിക്കുകയും, വാക്കാലുള്ള അധിക്ഷേപങ്ങൾ നടത്തുകയും ചെയ്തതായും പരാതിയിൽ അവകാശപ്പെട്ടു. തന്റെ സമ്മതമില്ലാതെ തന്റെ സ്വകാര്യ വീഡിയോ രഹസ്യമായി പകർത്തിയെന്നും, പിന്നീട് തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാനായി അത് ഭർത്താവിന് അയച്ചുകൊടുത്തെന്നും പരാതിയിൽ പറയുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ അട്ടാപ്പൂർ പൊലീസ് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഞായറാഴ്ച കേസിന്റെ വാർത്തകൾ മാധ്യമങ്ങളിൽ വന്നതിനെ തുടർന്ന് ഇയാൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

മുറിയിൽ നിന്ന് മദ്യക്കുപ്പിയും സാനിറ്റൈസറും കണ്ടെത്തിയതിനാൽ രണ്ടും കഴിച്ചിട്ടുണ്ടാകാമെന്ന സംശയത്തിലാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ വയർ ശുദ്ധീകരിച്ചതിൽ മരുന്നുകളുടെയോ മറ്റ് വിഷാംശങ്ങളുടെയോ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിന് തൊട്ടുമുമ്പ് തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും കാണിച്ച് ഉദയ് കൃഷ്ണ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. പൊലീസ് കോൺസ്റ്റബിളിൽ നിന്ന് ഐപിഎസ് പദവിയിലെത്തി ശ്രദ്ധേയനായ വ്യക്തിയാണ് ഉദയ് കൃഷ്ണ റെഡ്ഡി. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056