''പ്രതിരോധ സേന ശത്രുക്കള്‍ക്ക് എത്രമാത്രം നാശം വരുത്തിയെന്ന് അറിയാന്‍ രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശമുണ്ട്. എത്രപേര്‍ കൊല്ലപ്പെട്ടെന്ന് ചോദിക്കുന്നത് കൊണ്ട് നമ്മുടെ സേനകളുടെ ആത്മവീര്യത്തിന് കുറവുണ്ടാകുമെന്ന് കരുതുന്നില്ല''

മുംബെെ: നിയന്ത്രണരേഖ കടന്ന് ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്ത് വിടണമെന്ന് ശിവസേന. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പുറമെ സ്വന്തം മുന്നണിയില്‍ നിന്നുള്ള ശിവസേനയും ഇതേ ആവശ്യം ഉന്നയിച്ചത് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തിരിച്ചടി ആയിരിക്കുകയാണ്.

ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലൂടെയാണ് ഇന്ത്യ ബാലക്കോട്ടിലെ ജയ്ഷെ ഇ മുഹമ്മദിന്‍റെ ഭീകരതാവളങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്നുള്ള കണക്ക് ആവശ്യപ്പെട്ടത്. രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല മോദിയോട് ഈ ചോദ്യം ചോദിക്കുന്നതെന്ന് മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

അമേരിക്കയിലെയും ഇംഗ്ലണ്ടിലെയുമെല്ലാം മാധ്യമങ്ങളും ഇതേ ചോദ്യമാണ് ഉയര്‍ത്തുന്നത്. പ്രതിരോധ സേന ശത്രുക്കള്‍ക്ക് എത്രമാത്രം നാശം വരുത്തിയെന്ന് അറിയാന്‍ രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശമുണ്ട്. എത്രപേര്‍ കൊല്ലപ്പെട്ടെന്ന് ചോദിക്കുന്നത് കൊണ്ട് നമ്മുടെ സേനകളുടെ ആത്മവീര്യത്തിന് കുറവുണ്ടാകുമെന്ന് കരുതുന്നില്ല.

പ്രതിപക്ഷ പാര്‍ട്ടികള്‍ തെളിവ് ചോദിച്ചത് പ്രധാനമന്ത്രിയെ കുപിതനാക്കിയിരിക്കുകയാണ്. പുല്‍വാമ ഭീകരാക്രമണം നടത്താന്‍ ഉപയോഗിച്ച 300 കിലോ ആര്‍ഡിഎക്സ് എവിടെ നിന്ന് വന്നു? ഭീകരതാവളങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു? തെരഞ്ഞെടുപ്പിന്‍റെ അവസാന ദിനം വരെ ഇതെച്ചൊല്ലി ചര്‍ച്ചകള്‍ നടക്കും.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ നിരാശയിലാണ്. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പടക്കോപ്പായി പ്രതിപക്ഷം കൊണ്ട് വന്ന റഫാല്‍ കരാര്‍, തൊഴില്‍ പ്രതിസന്ധി, വിലക്കയറ്റം എന്നിവയെല്ലാം പ്രധാനമന്ത്രി ഒരു 'ബോംബ്' ഇട്ട് തകര്‍ത്ത് കളഞ്ഞെന്നും സാമ്നയുടെ എഡിറ്റോറിയയലില്‍ പറയുന്നു.