ബിജെപി സംഘടിപ്പിച്ച ജന്‍ ആശീര്‍വാദ് യാത്രയുടെ ഭാഗമായിട്ടാണ് എംഎസ്എംഎ മന്ത്രി നാരായണ്‍ റാണെ മുംബൈ ശിവജി പാര്‍ക്കിലെ ബാല്‍ താക്കറെയുടെ പ്രതിമ സന്ദര്‍ശിച്ചത്. 

മുംബൈ: കേന്ദ്രമന്ത്രി നാരായണ്‍ റാണെ സന്ദര്‍ശിച്ചതിന് പിന്നാലെ ബാല്‍ താക്കറെയുടെ പ്രതിമ ശുദ്ധീകരിച്ച് ശിവസേന പ്രവര്‍ത്തകര്‍. വ്യാഴാഴ്ചയാണ് സംഭവം. ബിജെപി സംഘടിപ്പിച്ച ജന്‍ ആശീര്‍വാദ് യാത്രയുടെ ഭാഗമായിട്ടാണ് എംഎസ്എംഎ മന്ത്രി നാരായണ്‍ റാണെ മുംബൈ ശിവജി പാര്‍ക്കിലെ ബാല്‍ താക്കറെയുടെ പ്രതിമ സന്ദര്‍ശിച്ചത്.

മന്ത്രി സന്ദര്‍ശിച്ചതിന് പിന്നാലെ പ്രതിമയില്‍ പാലും ഗോമൂത്രവും ഉപയോഗിച്ച് ശിവസേന പ്രവര്‍ത്തകര്‍ ശുദ്ധികലശം നടത്തി. 2005ല്‍ ശിവസേനയില്‍ നിന്ന് വിട്ടതിന് ശേഷം ആദ്യമായാണ് താക്കറെ സ്മാരകത്തില്‍ നാരായണ്‍ റാണെ എത്തുന്നത്. 1999ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു റാണെ.

Scroll to load tweet…

പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2019ല്‍ ബിജെപിയിലെത്തി. സന്ദര്‍ശനത്തിന് ശേഷം റാണെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചിരുന്നു. ബാല്‍ താക്കറെയുടെ സ്മാരകത്തില്‍ പ്രവേശിക്കാന്‍ റാണെക്ക് അവകാശമില്ലെന്നും ശിവസേനയെ വഞ്ചിച്ച നേതാവാണ് റാണെയെന്നും ശിവസേന പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ റാണെ പ്രവേശിക്കുന്നത് ശിവസേന പ്രവര്‍ത്തകര്‍ തടഞ്ഞില്ല. വിഡി സവര്‍ക്കറുടെ സ്മാരകത്തിലും റാണെ പുഷ്പാഞ്ജലി അര്‍പ്പിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona