Asianet News MalayalamAsianet News Malayalam

മധ്യപ്രദേശിലും കവിത മോഷണ വിവാദം; മുഖ്യമന്ത്രി ഭാര്യയുടെ പേരില്‍ പോസ്റ്റ് ചെയ്ത കവിത തന്റേതെന്ന് എഴുത്തുകാരി

നവംബര്‍ 18നാണ് 88 വയസ്സുള്ള ഭാര്യപിതാവ് ഘനശ്യാം ദാസ് മനസി അന്തരിച്ചത്. നാല് ദിവസങ്ങള്‍ക്ക് ശേഷം ഭാര്യ സാധ്‌ന സിംഗ് എഴുതിയതാണെന്ന മുഖവുരയോടെ 'ബാവുജി' എന്ന തലക്കെട്ടില്‍ കവിത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
 

Shivraj Singh Chouhan Trolled Over Plagiarism After He Shared wife's Poem
Author
Bhopal, First Published Dec 2, 2020, 1:10 PM IST

ഭോപ്പാല്‍: ഭാര്യ എഴുതിയതെന്ന പേരില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കവിത മോഷ്ടിച്ചതാണെന്ന് ആരോപണം. കഴിഞ്ഞ മാസം ഭാര്യ പിതാവ് മരിച്ചപ്പോഴാണ് ശിവരാജ് സിംഗ് ചൗഹാന്‍ കവിത ട്വിറ്ററില്‍ പങ്കുവെച്ചത്. നവംബര്‍ 18നാണ് 88 വയസ്സുള്ള ഭാര്യപിതാവ് ഘനശ്യാം ദാസ് മനസി അന്തരിച്ചത്. നാല് ദിവസങ്ങള്‍ക്ക് ശേഷം ഭാര്യ സാധ്‌ന സിംഗ് എഴുതിയതാണെന്ന മുഖവുരയോടെ ബാവുജി എന്ന തലക്കെട്ടില്‍ കവിത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

എന്നാല്‍, ബ്രാന്‍ഡിംഗ് എക്‌സ്പര്‍ട്ടും എഴുത്തുകരിയുമായ ഭൂമിക ഭിര്‍ത്താരെ കവിത മോഷണ ആരോപണവുമായി രംഗത്തെത്തി. കവിത എഴുതിയത് താനാണെന്ന് ഭൂമിക അവകാശപ്പെട്ടു. ഡാഡി എന്ന പേരില്‍ താനെഴുതിയ കവിതയാണ് ഭാര്യയുടേതെന്ന പേരില്‍ താങ്കള്‍ പോസ്റ്റ് ചെയ്തതെന്നും ക്രെഡിറ്റ് തരണമെന്നും ഭൂമിക ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തായിരുന്നു ഭൂമികയുടെ ട്വീറ്റുകള്‍. പിതാവ് മരിച്ചപ്പോള്‍ താനെഴുതിയ കവിതയാണെന്ന് ഭൂമിക എന്‍ഡിടിവിയോട് പറഞ്ഞു.

'നവംബര്‍ 21നാണ് ഞാന്‍ കവിത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ എനിക്ക് ശിവരാജ് സിംഗ് ചൗഹാന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചു തന്നു. ആദ്യം ഞാനത് കാര്യമാക്കിയില്ല. എന്നാല്‍ ഭാര്യയുടെ പേരില്‍ അദ്ദേഹമത് പോസ്റ്റ് ചെയ്തത് കണ്ടു. അദ്ദേഹം എനിക്ക് അമ്മാവനെപ്പോലെയാണ്. ഇത് രാഷ്ട്രീയമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് ക്രെഡിറ്റ് കിട്ടിയാല്‍ മതി'- ഭൂമിക പറഞ്ഞു. 

ശിവരാജ് സിംഗ് ചൗഹാന്‍ കവിത മോഷ്ടിച്ചെന്നാരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. പേര് മാറ്റുന്നതില്‍ ബിജെപി വിദഗ്ധരാണ്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇപ്പോള്‍ ആരോ എഴുതിയ കവിത മുഖ്യമന്ത്രി ഭാര്യയുടെ പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു-കോണ്‍ഗ്രസ് നേതാവ് അരുണ്‍ യാദവ് പറഞ്ഞു. എന്നാല്‍, ബിജെപി സംസ്ഥാന നേതൃത്വം വിവാദത്തില്‍ പ്രതികരിച്ചിട്ടില്ല. 

Follow Us:
Download App:
  • android
  • ios