ദില്ലി: കലാപം പടരുന്ന ദില്ലിയില്‍ കടുത്ത നടപടികളിലേക്ക് നീങ്ങി പൊലീസ്. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനുള്ള ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഇപ്പോഴും ദില്ലിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.

ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ പിന്‍വലിച്ചതായി ചില മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ദില്ലി പൊലീസ് നിലപാട് വ്യക്തമാക്കിയത്. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ ദില്ലിയില്‍ അടുത്ത മുപ്പത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

അതിനിടെ അശോക് നഗറില്‍ ഒരു മുസ‍്ലീം പള്ളി അക്രമിച്ചു തകര്‍ത്തതായി പുറത്തു വന്ന വാര്‍ത്തകള്‍ വ്യാജമാണെന്നാണ് ദില്ലി നോര്‍ത്ത് വെസ്റ്റ് ഡിസിപിയുടെ അവകാശവാദം. അശോക് വിഹാറിലെവിടെയും ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് അവകാശപ്പെട്ട പൊലീസ് ഇത്തരം വ്യാജവാര്‍ത്തകള്‍ ദയവായി പ്രചരിപ്പിക്കരുതെന്നാണ് ഡിസിപി പറയുന്നത്.