Asianet News MalayalamAsianet News Malayalam

മഞ്ജുവാര്യരേയും സംഘത്തെയും രക്ഷപ്പെടുത്തി; മണാലിയിലേക്ക് യാത്ര തിരിച്ചെന്ന് വിവരം

സംഘം മണാലിയിലേക്ക് യാത്ര തിരിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍റെ ഓഫീസ് അറിയിച്ചു. 

shooting crew and  Manju Warrier rescued from himachal pradesh
Author
Delhi, First Published Aug 20, 2019, 3:13 PM IST

ദില്ലി: കനത്തമഴയിൽ ഹിമാചൽ പ്രദേശിലെ  ഛത്രുവിൽ കുടുങ്ങിയ നടി മഞ്ജുവാര്യര്‍  ഉൾപ്പെട്ട സിനിമാ സംഘത്തെ രക്ഷപ്പെടുത്തി. രാത്രി എട്ട് മണിയോടെ സംഘത്തെ കോക്സാര്‍ ബേസ് ക്യാമ്പിലെത്തിക്കും. എല്ലാവരും സുരക്ഷിതരാണെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരൻ ദില്ലിയിൽ പറഞ്ഞു. സബ് കളക്ടര്‍ സ്ഥലത്ത് എത്തുകയും ജില്ലാ കളക്ടര്‍ ആവശ്യമായ ഭക്ഷണങ്ങളും നടന്നുവരാന്‍ സാധിക്കാത്തവര്‍ക്കുള്ള സ്ട്രെച്ചറും രക്ഷാപ്രവര്‍ത്തനത്തിനുള്ള ടീമിന് നല്‍കിയിട്ടുണ്ട്.

വാര്‍ത്താവിനിമയ ബന്ധങ്ങള്‍ ഇല്ലാത്ത സ്ഥലത്താണ് സംഘം ഉള്ളത്. ബേസ് ക്യാമ്പിലെത്തിയതിന് ശേഷം മാത്രമേ അവരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്നും മുരളീധരന്‍ പറഞ്ഞു. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി മഞ്ജുവാര്യര്‍ ഉള്‍പ്പെട്ട സംഘം മൂന്നാഴ്ച മുന്‍പാണ് ഛത്രുവിലെത്തിയത്.  

കനത്ത മഞ്ഞുവീഴ്ചയയേും മഴയേയും തുടര്‍ന്ന്  മുപ്പതംഗ സംഘം പ്രദേശത്ത് കുടങ്ങുകയായിരുന്നു. റോഡ് ഒലിച്ച് പോയതോടെ പുറത്ത് കടക്കാന്‍ കഴിയാതെയായി. വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. മഞ്ജുവാര്യരുടെ സഹോദരന്‍ മധുവാര്യര്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ വിവരമറിയിച്ചതോടെയാണ് രക്ഷപ്പെടാനുള്ള വഴിയൊരുങ്ങിയത്.

അതേ സമയം ഷൂട്ടിംഗ് സംഘത്തിന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഹിമാചല്‍ പ്രദേശ് കൃഷിമന്ത്രി  റാംലാല്‍ മാര്‍ക്കണ്ഡേ പറഞ്ഞു. ജാഗ്രതാ നിര്‍ദ്ദേശം അവഗണിച്ച് ഷൂട്ടിംഗ് തുടരുകയായിരുന്നുവെന്നാണ് മന്ത്രി പറയുന്നത്. റോഡ് തകര്‍ന്നതിനാല്‍   കാല്‍നടയായി വേണം 22 കിലോമീറ്റര്‍ അകലെയുള്ള ബേസ്ക്യാമ്പായ കോക്സാറിലെത്താന്‍. അവിടെ നിന്ന് റോഡ് മാര്‍ഗം സംഘത്തെ മണാലിയിലെത്തിക്കാനാണ് തീരുമാനം. സിനിമാസംഘം ഉള്‍പ്പടെ 140 പേരാണ് പ്രളയത്തെ തുടര്‍ന്ന് ഛത്രുവില്‍ കുടുങ്ങിയത്. എല്ലാവരേയും രക്ഷപ്പെടുത്തിയതായി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios