ദില്ലി: കൊവിഡ് വ്യാപനത്തെ ദുരന്തമായി മാത്രമല്ല, നമ്മുടെ ജീവിതത്തെ പുനർനിർമ്മിക്കുന്ന ഘടകമായി കൂടി പരി​ഗണിക്കണമെന്ന അഭിപ്രായവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇനിയൊരു പ്രതിസന്ധിയെ ക്കൂടി നേരിടാൻ സമൂഹത്തെ സജ്ജീകരിക്കുന്ന തിരുത്തൽ ശക്തിയായി കൊവിഡിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് കഴിഞ്ഞ ഏതാനും മാസങ്ങളായി സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന അനിശ്ചിതത്വങ്ങളിൽ നിന്ന് ശരിയായ പാഠങ്ങൾ പഠിച്ചിട്ടുണ്ടോ എന്ന്  ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊറോണ കാലത്തെ വിചിന്തനം എന്ന പേരിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. 

മനുഷ്യന് മാത്രമുള്ളതാണ് എന്ന നിലയിൽ ഭൂമിക്ക് മേൽ ഉടമസ്ഥത അവകാശപ്പെടുന്നത് സ്വാഭാവിക സന്തുലിതാവസ്ഥയെ അസ്വസ്ഥപ്പെടുത്തുകയും മറ്റ് പല പ്രതിസന്ധികൾക്ക് കാരണമായിത്തീരുകയും ചെയ്യും. നമ്മൾ ജനിക്കുന്നത് ഒരുപോലെയാണെങ്കിലും കാലപ്രവാഹത്തിൽ ജീവിതം പല രീതിയിലായിത്തീരും. ചിലയിടങ്ങളിൽ കൊറോണ വൈറസ് വ്യാപനം അതി​ഗുരുതരമായ അവസ്ഥയിലാണ്. നിങ്ങളുടെ ജീവിതരീതി മറ്റുള്ളവരെ അപകടത്തിലാക്കുന്നത് പോലെയാകരുത്. വെങ്കയ്യ നായി‍‍ഡു പറഞ്ഞു. 

കൊറോണക്കാലത്തെ ജീവിതത്തിൽ നിന്ന് ഭാവിയിൽ ഉണ്ടാകാനിടയുള്ള അനിശ്ചിതത്വങ്ങളെ നേരിടാൻ തയ്യാറായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.