ബെംഗളൂരു: കര്‍ണാടകയിലെ കൊവിഡ് 19 ഹോട്ട്സ്പോട്ടായ കലബുറഗിയില്‍ ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രഥോത്സവം നടന്ന സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. സെക്ടറല്‍ മജിസ്ട്രേറ്റിനും സബ്ഇന്‍സ്പെക്ടറിനും എതിരെയാണ് നടപടി. വിലക്കുകള്‍ ലംഘിച്ച് ആളുകള്‍ ഒന്നിച്ച് കൂടുന്നത് തടയാന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ക്ഷേത്രത്തിന് സമീപമുള്ള വാഡി പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറിന് എതിരെയാണ് നടപടി.

ഇന്നലെ രാവിലെ 6.30യോടെയാണ് ഉത്സവം നടത്തിയത്. നേരത്തെ ശിക്ഷാ നിയമം 143, 188, 269, 149 എന്നിവ അനുസരിച്ച് ഉത്സവത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. രണ്ട് ദിവസം മുന്‍പ് പൊലീസ് ഉദ്യോഗസ്ഥരുമായി നടന്ന യോഗത്തില്‍ ഉത്സവം നടത്തുന്നില്ലെന്നും ചടങ്ങുകള്‍ മാത്രമാണ് നടക്കുകയെന്നുമായിരുന്നു ക്ഷേത്ര അധികാരികള്‍ വ്യക്തമാക്കിയത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഇരുപത്തിനാലുമണിക്കൂറും സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിരുന്നു. എന്നാല്‍ പൊലീസുകാര്‍ രാവിലെ ഡ്യൂട്ടി മാറുന്ന സമയത്താണ് ഉത്സവം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് സൂപ്രണ്ട് മാര്‍ട്ടിന്‍ മര്‍ബാനിയങ് വ്യക്തമാക്കിയത്.

വലിയ രീതിയില്‍ ആളുകള്‍ കൂടാതെ പൂജ മാത്രം നടത്തി ചടങ്ങുകള്‍ അവസാനിപ്പിക്കുമെന്നായിരുന്നു ക്ഷേത്ര ഭരണാധികാരികള്‍ മാധ്യമങ്ങളെ അറിയിച്ചതും. മേഖലയില്‍ പ്രഖ്യാപിച്ച 144 നീട്ടിയെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ നേരത്തെ വിശദമാക്കിയിരുന്നു. ഇരുനൂറോളം പേരാണ് രാവൂർ സിദ്ധലിംഗേശ്വര ക്ഷേത്രത്തില്‍ വ്യാഴാഴ്ച നടന്ന ആഘോഷത്തിൽ പങ്കെടുത്തത്.

ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചതിന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൊവിഡ് ബഫർസോണിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള ക്ഷേത്രത്തിലായിരുന്നു പരിപാടി നടന്നത്. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം അവഗണിച്ച് ഉത്സവാഘോഷത്തിൽ ആളുകൾ തോളോടുതോൾ ചേർന്ന്​ തേരുവലിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രാജ്യത്തെ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത കലബുറഗിയിൽ ഇതിനോടകം മൂന്ന് പേർ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. ഇരുപത് പേർ ചികിത്സയിലാണുള്ളത്.