കര്‍ണാടകത്തില്‍ രാജിവച്ച 13 എംഎല്‍എമാരെയും അയോഗ്യരാക്കിയതായി സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ അറിയിക്കുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കിയിട്ടുണ്ട്
ബംഗളൂരു: കര്‍ണാടകത്തില്‍ എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള തീരുമാനത്തെ ജനാധിപത്യത്തിന്‍റെ യഥാര്‍ത്ഥ വിജയമെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. സര്‍ക്കാരുകള്‍ വരും പോകും. രാഷ്ട്രീയത്തില്‍ അധികാരമെന്നത് ശാശ്വതമല്ല.
അടുത്ത തലമുറയ്ക്ക് മാതൃകയാവുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അവസാരവാദ രാഷ്ട്രീയം കളിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇന്നുണ്ടായതെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സിദ്ധരാമയ്യ ഫേസ്ബുക്കില്‍ കുറിച്ചു. കര്‍ണാടകത്തില്‍ രാജിവച്ച 13 എംഎല്‍എമാരെയും അയോഗ്യരാക്കിയതായി സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ അറിയിക്കുകയായിരുന്നു.
വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കിയിട്ടുണ്ട്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും വിപ്പ് ലംഘിച്ചതിനുമാണ് എംഎല്‍എമാരെ അയോഗ്യരാക്കിയിരിക്കുന്നത്. ഇതോടെ യെദിയൂരപ്പ സർക്കാർ നാളെ വിശ്വാസവോട്ട് നേടുമെന്ന് ഉറപ്പായി.
കോണ്‍ഗ്രസിലെ 11 എംഎല്‍എമാരെയും ജെഡിഎസിലെ മൂന്ന് എംഎല്‍എമാരെയുമാണ് ഇന്ന് സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. രാജിവച്ച് വിമത ക്യാമ്പിലേക്ക് പോയ പ്രതാപ് ഗൗഡ പാട്ടീൽ, ബിസി പാട്ടീൽ, മുനിരത്ന, ബൈരതി ബസവരാജ്, എസ് ടി സോമശേഖർ, കെ സുധാകർ, റോഷൻ ബെയ്ഗ്, ആനന്ദ് സിംഗ്, എം ടി ബി നാഗരാജ്, ശിവറാം ഹെബ്ബാർ എന്നീ കോൺഗ്രസ് എംഎൽഎമാരും എച്ച് വിശ്വനാഥ്, ഗോപാലയ്യ, നാരായൺ ഗൗഡ എന്നീ ജെഡിഎസ് എംഎൽഎമാരും നടപടി നേരിട്ടു.
വിപ്പ് ലംഘിച്ചതിനാണ് വിശ്വാസവോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന കോൺഗ്രസ് എംഎൽഎ ശ്രീമന്ത് പാട്ടീലിനെ അയോഗ്യനാക്കിയത്. നേരത്തെ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇതോടെ കോണ്‍ഗ്രസും ജെഡിഎസും ശുപാര്‍ശ ചെയ്ത 17 എംഎല്‍എമാരും അയോഗ്യരായി. സിദ്ധരാമയ്യയുടെയും കുമാരസ്വാമിയുടെയും ശുപാർശകൾ സ്പീക്കർ അതേപടി അംഗീകരിക്കുകയായിരുന്നു.
