Asianet News MalayalamAsianet News Malayalam

'ഓരോ കേസും ഓരോ സാഹചര്യം', സിദ്ദിഖ് കാപ്പന് ജാമ്യം തേടിയുള്ള ഹർജി വീണ്ടും മാറ്റി

കെയുഡബ്ല്യുജെ ഹൈക്കോടതിയെ സമീപിക്കാത്തതെന്തെന്ന് സുപ്രീംകോടതി. അസാധാരണസാഹചര്യമെന്ന് കപിൽ സിബൽ. അർണബ് ഗോസ്വാമിയുടെ കേസ് ചൂണ്ടിക്കാട്ടിയപ്പോൾ ഓരോ കേസിലും ഓരോ സാഹചര്യമാണെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി.

siddique kappan bail plea again postponed by sc
Author
New Delhi, First Published Dec 2, 2020, 3:03 PM IST

ദില്ലി: ഹാഥ്റസിലെ ബലാൽസംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയൻ നൽകിയ ഹര്‍ജിയിൽ തീരുമാനമെടുക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. സിദ്ദിഖ് കാപ്പനെതിരെയുള്ള യു.പി പൊലീസ് നടപടിയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പത്രപ്രവര്‍ത്തക യൂണിയൻ ആവശ്യപ്പെട്ടിരുന്നു. അതിന് യു.പി പൊലീസിന് മറുപടി നൽകാൻ സമയംനൽകിക്കൊണ്ടാണ് കേസ് ഒരാഴ്ചത്തേക്ക് കൂടി മാറ്റിയത്. 

ക്രിമിനൽ കേസിലെ ഒരു പ്രതിക്ക് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു അസോസിയേഷന് കോടതി സമീപിക്കാൻ സാധിക്കുമോ എന്ന് കേരള പത്രപ്രവര്‍ത്തക യൂണിയനോട് കോടതി ചോദിച്ചു. അസാധാരണ സാഹചര്യത്തിൽ അതിന് സാധിക്കുമെന്ന് യൂണിയന്‍റെ അഭിഭാഷകൻ കപിൽ സിബൽ മറുപടി നൽകി. സിദ്ദിഖ് കാപ്പന്‍റെ കുടുംബത്തെ കേസിൽ കക്ഷി ചേര്‍ത്തു. അന്വേഷണത്തിൽ കാപ്പനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്ന് യു.പി പൊലീസ് അറിയിച്ചു. യു.പി പൊലീസിന്‍റെ ആരോപണങ്ങളാണ് ഞെട്ടിക്കുന്നതെന്ന് കപിൽ സിബലും മറുപടി നൽകി. വാദത്തിനിടെ വിചാരണ കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അര്‍ണബ് ഗോസ്വാമിക്ക്  ജാമ്യം നൽകിയ സുപ്രീംകോടതി വിധി കപിൽ സിബൽ ചൂണ്ടിക്കാട്ടിയപ്പോൾ ഓരോ കേസിലും വ്യത്യസ്ത സാഹചര്യമാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേയുടെ മറുപടി.

Follow Us:
Download App:
  • android
  • ios