Asianet News MalayalamAsianet News Malayalam

മണിക്കൂറില്‍ പാഞ്ഞത് 20 തവണ; ദില്ലി വിറച്ച കലാപത്തില്‍ ബുള്ളറ്റിലെത്തി 80 മുസ്ലിംകളെ രക്ഷിച്ച അച്ഛനും മകനും

20 തവണയോളം ഗോകുല്‍പുരിയില്‍ നിന്ന് കര്‍ദംപൂരിലേക്കും തിരിച്ചും പാഞ്ഞു

ഒരു മണിക്കൂറിനിടെയായിരുന്നു മതം മറന്ന് മനുഷ്യരായുള്ള ഈ യാത്ര

Sikh father and son rescued Muslims over delhi riots
Author
New Delhi, First Published Feb 28, 2020, 8:06 PM IST

ദില്ലി: ദില്ലിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം അവശേഷിപ്പിച്ച മുറിപ്പാടുകളില്‍ നിന്ന് രാജ്യം മുക്തമായിട്ടില്ല. വര്‍ഗീയ കലാപത്തില്‍ വെടിയേറ്റും വെന്തും പൊലിഞ്ഞത് എത്ര പേരെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഹിന്ദു-മുസ്ലിം സംഘര്‍ഷത്തില്‍ ഇന്ത്യ വിറങ്ങലിച്ചപ്പോള്‍ വര്‍ഗീയതയുടെ വിഷം തീണ്ടാത്ത സമഭാവനയുടെ ആശ്വാസം പകരുന്ന കാഴ്ചകളുമുണ്ടായി. രണ്ട് വാഹനങ്ങളിലായി എണ്‍പതോളം മുസ്ലിംകളെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിച്ച സിഖ് മതവിശ്വാസികളായ അച്ഛനും മകനും അത്തരത്തിലൊരു കാഴ്ചയാണ്. 

ദില്ലി കലുഷിതമായപ്പോള്‍  ഹിന്ദു ഭൂരിപക്ഷ പ്രദേശമായ വടക്കു കിഴക്കന്‍ ദില്ലിയിലെ ഗോകുല്‍പുരിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കര്‍ദംപൂരിലേക്ക് മുസ്ലിം കുടുംബങ്ങളെ ബുള്ളറ്റിലും സ്കൂട്ടറിലും നിരവധി തവണകളായി മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു മൊഹീന്ദര്‍ സിങും മകന്‍ ഇന്ദര്‍ജിത് സിങും. ഇന്ദര്‍ജിത് സിങ് ബുള്ളറ്റിലും പിതാവ് 55കാരനായ മൊഹീന്ദര്‍ സിങ് സ്കൂട്ടറിലുമായി 20 തവണയോളം ഗോകുല്‍പുരിയില്‍ നിന്ന് കര്‍ദംപൂരിലേക്കും തിരിച്ചും പാഞ്ഞു. ഒരു മണിക്കൂറിനിടെയായിരുന്നു മതം മറന്ന് മനുഷ്യരായുള്ള ഈ യാത്ര.

മൂന്നു മുതല്‍ നാലുവരെ സ്ത്രീകളെയും കുട്ടികളെയും ഒറ്റ തവണ രക്ഷപ്പെടുത്തി.  രണ്ടു മുതല്‍ മൂന്ന് വരെ പുരുഷന്‍മാരെയും ഒരു പ്രാവശ്യം ഗോകുല്‍പുരിയില്‍ നിന്നുള്ള യാത്രയില്‍ കൂടെക്കൂട്ടിയെന്ന് മൊഹീന്ദര്‍ സിങ് പറയുന്നു. ചില മുസ്ലിം യുവാക്കളെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്താനായി സിഖ് തലപ്പാവുകള്‍ അണിയിച്ചു. 'ഹിന്ദുവിനെയോ മുസ്ലിമിനെയോ ഞാന്‍ കണ്ടില്ല' എന്നാണ് ഇലക്ട്രോണിക്സ് കട നടത്തുന്ന മൊഹീന്ദറിന് പറയാനുള്ളത്. മനുഷ്യരെ മാത്രമാണ് കണ്ടതെന്ന മൊഹീന്ദറിന്‍റെ വാക്കുകളില്‍ ജ്വലിക്കുന്നത് കെട്ടുപോകാത്ത മതേതരത്വത്തിന്‍റെ അഗ്നിയാണ്, അതൊരു പ്രതീക്ഷയും കൂടിയാണ്. 

1984ലെ സിഖ് കലാപമാണ് ദില്ലിയിലെ ആക്രമണങ്ങള്‍ തന്നെ ഓര്‍മ്മപ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു. മൂന്ന് ദിവസത്തിനിടെ കലാപത്തിന്‍റെ പൈശാചിക മുഖമാണ് ഗോകുല്‍പുരിയില്‍ കണ്ടത്. ഹെഡ് കോണ്‍സ്റ്റബിള്‍ രത്തല്‍ ലാല്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് ഇവിടെ മരിച്ചത്. മരണസംഖ്യ എത്രയെന്ന് ഇനിയും വ്യക്തമാകാനുണ്ട് എന്നത് ഭീതി ഉയര്‍ത്തുന്നു. എങ്കിലും മതം ഭ്രാന്തു പിടിപ്പിക്കാത്ത മനുഷ്യര്‍ ഇന്ത്യയിലുണ്ടെന്നതില്‍ ആശ്വസിക്കാം.   

Follow Us:
Download App:
  • android
  • ios