പൂനെ: മോശമായി പാടുന്നവരെ 'ഹൊ എന്തൊരു കഴുതരാഗം' എന്ന് പറഞ്ഞ് കളിയാക്കാറില്ലേ... എന്നാലിതാ ശരിക്കുമൊരു കഴുത പാട്ടുപാടിന്ന വീഡിയോ പുറത്തിറങ്ങിയിരിക്കുന്നു. പൂനെയിലുള്ള എമിലി എന്ന കഴുത പാട്ടുപാടുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പൊതുവെ മൃഗങ്ങളെ രക്ഷിക്കുന്നതും അവരുടെ ദുരിതങ്ങളുമെല്ലാമാണ് വീഡിയോയിലൂടെ പങ്കുവയ്ക്കാറുള്ളത്. എന്നാല്‍ വ്യത്യസ്തമായി, എമിലി പാടുന്ന വീഡ‍ിയോ പോസ്റ്റ് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് റെസ്ക്യു ചാരിറ്റബിള്‍ ട്രസ്റ്റ് ഹെഡ് ജെസിക റോബര്‍ട്ട് പറഞ്ഞു. 

ഐര്‍ലാന്‍റില്‍ നിന്നുള്ള ഹാരിയെറ്റ് എന്ന കഴുതയുടെ ഗാനം നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും അവര്‍ പറഞ്ഞു. 

ഭക്ഷണം തേടിയാണ് എമിലി പാടിത്തുടങ്ങിയത്. ഭക്ഷണം നല്‍കാനുള്ള പാത്രം കാണുമ്പോള്‍ അവള്‍ പാടി തുടങ്ങും. രണ്ട് വര്‍ഷം മുമ്പാണ് തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ എമിലിയെ കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ ശരീരം മുഴുവന്‍ മുറിവുകളായിരുന്നു. പിന്നീട് പരിചരണം കൊണ്ട് സാവധാനം മുറിവുകള്‍ ഉണങ്ങുകയും എമിലി ആരോഗ്യം വീണ്ടെടുക്കുകയുമായിരുന്നു.