ബിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് കൂടുതൽ പേരെ ഒഴിവാക്കിയതും പുതുതായി ചേർത്തതുമായ മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികൾ വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ ഇടങ്ങളിലും എൻഡിഎ മുന്നേറി.
പാറ്റ്ന: ബിഹാറിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൻ്റെ ഭാഗമായി ഏറ്റവും കൂടുതൽ വോട്ടർമാരെ ഒഴിവാക്കിയ മണ്ഡലങ്ങളിലും ഏറ്റവും കൂടുതൽ വോട്ടർമാരെ കൂട്ടിച്ചേർത്ത മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികൾ വിജയിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക്. ഏറ്റവും കൂടുതൽ പേരെ ഒഴിവാക്കിയ ഗോപാൽഗഞ്ചിൽ തുടർച്ചയായ അഞ്ചാം തവണയും ബിജെപി ജയിച്ചു. അരലക്ഷം പേരെ ഒഴിവാക്കിയ പൂർണിയ, മോതിഹാരി, എന്നിവിടങ്ങളിലും ബിജെപിയാണ് ജയിച്ചത്. 43000ത്തിലേറെ പേരെ ഒഴിവാക്കി കുചൈകോട്ടയിൽ ജെഡിയുവും 42940 പേരെ ഒഴിവാക്കിയ കിഷാൻഗഞ്ചിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും വിജയിച്ചു.
ഏറ്റവും കുറച്ച് പേരെ മാത്രം ഒഴിവാക്കിയ ദർബംഗ, ചൻപാടിയ, ബേട്ടിയ, ദേഹ്രി, മഹുവ മണ്ഡലങ്ങളിൽ ബിജെപിയും സഖ്യകക്ഷിയായ എൽജെപിയും 2 വീതം സീറ്റുകളിൽ ജയിച്ചു. ഒരിടത്ത് കോൺഗ്രസാണ് ജയിച്ചത്. ഏറ്റവും കൂടുതൽ വോട്ട് ചേർക്കപ്പെട്ട നൗതൻ മണ്ഡലത്തിൽ ബിജെപിക്കാണ് വിജയം. ഇതടക്കമുള്ള കൂടുതൽ വോട്ട് ചേർക്കപ്പെട്ട അഞ്ച് സീറ്റുകളിൽ രണ്ടെണ്ണത്തിൽ ബിജെപിയും ഓരോ സീറ്റുകളിൽ ജെഡിയുവും എൽജെപിയും കോൺഗ്രസും ജയിച്ചു.
അതേസമയം ഏറ്റവും കുറച്ച് വോട്ടുകൾ മാത്രം ചേർക്കപ്പെട്ട അഞ്ച് സീറ്റുകളിൽ എൻഡിഎ സ്ഥാനാർത്ഥികളാണ് എല്ലായിടത്തും ജയിച്ചത്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ അഞ്ച് സീറ്റുകളിൽ നാലിടത്ത് എൻഡിഎ സ്ഥാനാർത്ഥികളും ഒരിടത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയും വിജയിച്ചു. ഏറ്റഴും കുറവ് പോളിങ് നടന്ന അഞ്ച് സീറ്റുകളിൽ നാലെണ്ണം ബിജെപിയും ഒരിടത്ത് സഖ്യകക്ഷിയായ ജെഡിയുവും ജയിച്ചു. ഭൂരിപക്ഷം വോട്ടർമാർ സ്ത്രീകളായ മണ്ഡലങ്ങളിൽ അസദുദീൻ ഒവൈസിയുടെ എഐഎംഐഎം മൂന്നിടത്ത് വിജയിച്ചു. ബിജെപിയും ജെഡിയുവും രണ്ട് സീറ്റുകൾ നേടി. പുരുഷന്മാർ കൂടുതൽ പോളിങ് രേഖപ്പെടുത്തിയ മണ്ഡലങ്ങളിൽ ബിജെപിയുടെ രണ്ട് സീറ്റുകളടക്കം നാല് എൻഡിഎ സ്ഥാനാർത്ഥികൾ ജയിച്ചു. ഒരു സീറ്റിൽ കോൺഗ്രസിനാണ് വിജയം.


