ഒക്ടോബർ-നവംബർ മാസങ്ങളിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്.

പട്ന: സീതാമർഹിയിലെ പുനൗര ധാമിൽ മാതാ സീതാ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവർ നിർവഹിച്ചു. ഒരു ലക്ഷത്തിലധികം ആളുകളുടെയും സന്യാസിമാരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. അയൽരാജ്യമായ നേപ്പാളിലെ ജനക്പൂരിൽ നിന്നുള്ളവരെയും ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു.

ഒക്ടോബർ-നവംബർ മാസങ്ങളിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്. അയോധ്യയിലെ രാമക്ഷേത്രത്തേക്കാൾ അഞ്ച് അടി ഉയരക്കുറവിലായിരിക്കും (156 അടി) നിർമാണം. നിർമാണത്തിനായി സംസ്ഥാന സർക്കാർ 882 കോടിയിലധികം രൂപ അനുവദിച്ചു. 67 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വിശാലമായ നടപ്പാതകളും വിശാലമായ പൂന്തോട്ടവും ഇതിൽ ഉൾപ്പെടുന്നു.

യുപി നഗരത്തിൽ നിന്ന് റോഡ് കണക്റ്റിവിറ്റിയുള്ള ഈ സ്ഥലം മത ടൂറിസത്തിന്റെ കേന്ദ്രമായി വികസിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു. സീത, ലവ്-കുഷ് വാടികകൾ (ഉദ്യാനങ്ങൾ), പ്രദർശന കേന്ദ്രം, കഫ്റ്റീരിയ, കുട്ടികളുടെ കളിസ്ഥലം, പാർക്കിംഗ്, മറ്റ് മതപരവും സാംസ്കാരികവുമായ ഘടനകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടും.

അയോധ്യയിലെ രാമക്ഷേത്രം രൂപകൽപ്പന ചെയ്ത വാസ്തുശില്പി ചന്ദ്രകാന്ത് സോംപുരയാണ് സീതാ ക്ഷേത്രവും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിലും അതിന്റെ ശ്രീകോവിലിലും മക്രാന കല്ല് ഉപയോഗിക്കും. അയോധ്യയിലെ രാമക്ഷേത്രത്തെയും മാ ജാനകി ക്ഷേത്രത്തെയും ബന്ധിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി കേന്ദ്ര സർക്കാർ ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. നേപ്പാൾ അതിർത്തിക്കടുത്തുള്ള സീതാമർഹി ജില്ലയിലെ ഭിതമോറുമായി അയോധ്യയെ രാം-ജാനകി മാർഗ് ബന്ധിപ്പിക്കും.

പദ്ധതിക്ക് 2023 സെപ്റ്റംബറിൽ അന്നത്തെ മഹാഹ​ഗ്ബന്ധൻ സർക്കാറാണ് പദ്ധതിക്ക് അനുമതി നൽകിയത്. ജൂലൈ 1 ന് നിതീഷ് മന്ത്രിസഭ പദ്ധതിക്കായി 882.87 കോടി രൂപ അനുവദിച്ചു. ഇതിൽ 137 കോടി നിലവിലുള്ള ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും നവീകരണത്തിനും 728 കോടി ടൂറിസവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കും 16 കോടി രൂപ അറ്റകുറ്റപ്പണികൾക്കും അനുവദിച്ചു.

നിലവിൽ ലഭ്യമായ 17 ഏക്കർ ഭൂമിക്ക് പുറമേ, 50 ഏക്കർ കൂടി ഏറ്റെടുക്കുന്നതിനായി 165.57 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചു. ബീഹാർ സംസ്ഥാന ടൂറിസം വികസന കോർപ്പറേഷൻ (BSTDC) ആയിരിക്കും പദ്ധതിയുടെ നിർവ്വഹണ ഏജൻസി. ക്ഷേത്രത്തിന്റെ നിർമ്മാണത്തിനും നടത്തിപ്പിനും മേൽനോട്ടം വഹിക്കുന്നതിനായി ശ്രീ ജാനകി ജന്മ ഭൂമി പുനൗര ധാം മന്ദിർ ന്യാസ് സമിതി എന്ന പേരിൽ ഒമ്പത് അംഗ ട്രസ്റ്റും രൂപീകരിച്ചു.

ചീഫ് സെക്രട്ടറിയായിരിക്കും ട്രസ്റ്റിന്റെ അധ്യക്ഷൻ. ഡെവലപ്‌മെന്റ് കമ്മീഷണർ വൈസ് ചെയർമാനായിരിക്കും. സീതാമർഹിയിലെ ജില്ലാ മജിസ്‌ട്രേറ്റും ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണറും യഥാക്രമം ട്രസ്റ്റിന്റെ സെക്രട്ടറിയും ട്രഷററും ആയിരിക്കും. സീതയുടെ ജന്മസ്ഥലമായി ഹിന്ദുക്കൾ പുനൗര ധാം കണക്കാക്കുന്നു. ഇന്ത്യ-നേപ്പാൾ അതിർത്തിക്കടുത്തായി സീതാമർഹി പട്ടണത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം തീർത്ഥാടകർക്ക് മതപരമായ പ്രാധാന്യമുള്ളതാണ്. മതപരമായ വിനോദസഞ്ചാരവും തീർത്ഥാടന പാതകളും പ്രോത്സാഹിപ്പിക്കുന്നതിനായി അയോധ്യ, സീതാമർഹി, നേപ്പാളിലെ ജനക്പൂർ എന്നിവയെ ബന്ധിപ്പിക്കുന്ന വിശാലമായ രാമായണ സർക്യൂട്ടിന്റെ ഭാഗമായാണ് ഈ പദ്ധതി വികസിപ്പിക്കുന്നത്.