ദില്ലി: നാളെ തന്നെ ജമ്മു കശ്മീരിലേക്ക് പോകുമെന്നും മുഹമദ് യൂസഫ് തരിഗാമിയെ കാണുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറ‌ഞ്ഞു. തരിഗാമിയുടെ ആരോഗ്യനിലയെക്കുറിച്ച് സത്യവാങ്മൂലം നൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തരിഗാമിയെ സന്ദര്‍ശിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.
 
തരിഗാമിയെ കാണാനുള്ള സൗകര്യം ഭരണ നേതൃത്വം ഒരുക്കണം. ഒരു സഹായിയെ കൂടെ കൂട്ടാനുള്ള അനുമതിയ്ക്കായി ഗവർണറെ സമീപിക്കുമെന്നും ഒരു രാത്രി അവിടെ തങ്ങാൻ പറ്റുകയാണെങ്കിൽ അവിടെ താമസിക്കുമെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. വീട്ടുതടങ്കലിൽ കഴിയുന്ന ജമ്മു കശ്മീരിലെ സിപിഎം നേതാവ് മുഹമദ് യൂസഫ് തരിഗാമിയെ കാണാനുള്ള അനുമതിഇന്നാണ് സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി നൽകിയത്. തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. കേന്ദ്രസര്‍ക്കാരിന്‍റെ എതിര്‍പ്പ് തള്ളിയാണ് യെച്ചൂരിക്ക് സന്ദര്‍ശനാനുമതി നല്‍കിയത്. 

Read Also:സീതാറാം യെച്ചൂരിക്ക് കശ്മീരില്‍ പോകാം, തരിഗാമിയെ കാണാം; കേന്ദ്രത്തെ തള്ളി സുപ്രീംകോടതി