15 ദിവസത്തിനുള്ളിൽ വൃക്കരോ​ഗം ബാധിച്ച് ആറ് കുട്ടികൾ മരണത്തിന് കീഴടങ്ങി. മരുന്ന് കഴിച്ച ശേഷം കുട്ടികൾ സുഖം പ്രാപിച്ചതായി തോന്നി. എന്നാൽ ദിവസങ്ങൾക്കുള്ളിൽ വീണ്ടും കടുത്ത പനിയുണ്ടാകുകയും മൂത്രത്തിന്റെ അളവിൽ ആശങ്കാജനകമായ കുറവുണ്ടാകുകയും ചെയ്തു.

ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ആറ് കുട്ടികൾ വൃക്ക തകരാറിലായി മരിച്ചു. വിഷാംശമുള്ള ഡൈഎത്തിലീൻ ഗ്ലൈക്കോൾ കലർത്തിയ കഫ് സിറപ്പാണ് മരണങ്ങൾക്ക് കാരണമെന്ന് സംശയിക്കുന്നു. തുടക്കത്തിൽ പനി കാരണമാണ് കുട്ടികൾ മരിച്ചതെന്നായിരുന്നു നി​ഗമനം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ജലദോഷവും നേരിയ പനിയും ഉണ്ടായപ്പോൾ ചുമ സിറപ്പുകൾ ഉൾപ്പെടെയുള്ള പതിവ് മരുന്നുകൾ ഡോക്ടർമാർ നിർദ്ദേശിച്ചു. മരുന്ന് കഴിച്ച ശേഷം കുട്ടികൾ സുഖം പ്രാപിച്ചതായി തോന്നി. എന്നാൽ ദിവസങ്ങൾക്കുള്ളിൽ വീണ്ടും കടുത്ത പനിയുണ്ടാകുകയും മൂത്രത്തിന്റെ അളവിൽ ആശങ്കാജനകമായ കുറവുണ്ടാകുകയും ചെയ്തു. വൃക്കയിൽ അണുബാധയുണ്ടാകുകയും അവസ്ഥ പെട്ടെന്ന് വഷളായതായും പറയുന്നു. വിദഗ്ധ ചികിത്സയ്ക്കായി മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്ക് കൊണ്ടുപോയെങ്കിലും മൂന്ന് കുട്ടികൾ അവിടെ വച്ച് മരിച്ചു. സിറപ്പ് കഴിച്ചതിനുശേഷമാണ് മൂത്രം നിലച്ചതെന്ന് മാതാപിതാക്കൾ പറയുന്നു.

വൃക്കകളുടെ ബയോപ്സിയിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന വിഷ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് വഴിത്തിരിവ് ഉണ്ടായത്. ഫാർമസ്യൂട്ടിക്കൽ വിഷബാധയുണ്ടാകുമ്പോഴാണ് ഡൈഎത്തിലീൻ ഗ്ലൈക്കോൾ സാന്നിധ്യം ഉണ്ടാകുന്നത്. കുട്ടികളിൽ ഭൂരിഭാഗത്തിനും കോൾഡ്രിഫ്, നെക്സ്ട്രോ-ഡിഎസ് സിറപ്പുകളാണ് നൽകിയിരുന്നത്. ചിന്ദ്വാര കളക്ടർ ഷീലേന്ദ്ര സിംഗ് ജില്ലയിലുടനീളം രണ്ട് സിറപ്പുകളുടെയും വിൽപ്പന നിരോധിക്കുകയും ഡോക്ടർമാർക്കും ഫാർമസികൾക്കും മാതാപിതാക്കൾക്കും അടിയന്തര നിർദേശം നൽകുകയും ചെയ്തു. വൃക്ക തകരാറിന് കാരണം ​ഗുണനിലവാരമില്ലാത്ത മരുന്നാണെന്ന് ബയോപ്സി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ബാധിത ഗ്രാമങ്ങളിൽ നിന്നുള്ള ജല സാമ്പിളുകളിൽ അണുബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മരുന്നാണ് മരണകാരണമെന്ന ആരോപണം ​ഗൗരവമുള്ളതാണെന്നും കലക്ടർ പറഞ്ഞു.

ഗൗരവം കണക്കിലെടുത്ത്, ജില്ലാ ഭരണകൂടം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ (ഐസിഎംആർ) നിന്നുള്ള സംഘത്തെ വിളിച്ചുവരുത്തിയിട്ടുണ്ട്. ഭോപ്പാലിലെ ആരോഗ്യ വകുപ്പിൽ നിന്നുള്ള രണ്ടംഗ സംഘം എത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർ കുടുംബങ്ങളുമായി സംസാരിക്കുകയും മരുന്നുകളുടെ സാമ്പിളുകൾ ശേഖരിക്കുകയും മറ്റ് രോഗബാധിതരായ കുട്ടികളെ തിരിച്ചറിയുന്നതിനായി സർവേ നടത്തുകയും ചെയ്യുന്നു. ഓഗസ്റ്റ് 24 നാണ് ആദ്യത്തെ സംശയാസ്പദമായ കേസ് റിപ്പോർട്ട് ചെയ്തതെന്നും സെപ്റ്റംബർ 7 നാണ് ആദ്യത്തെ മരണം സംഭവിച്ചതെന്നും ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നരേഷ് ഗൊണാരെ വെളിപ്പെടുത്തി. കൂടുതൽ വിശകലനത്തിനായി ഐസിഎംആർ സംഘം രക്തത്തിന്റെയും മരുന്നിന്റെയും സാമ്പിളുകൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.