മുംബൈ: മുംബൈയിൽ ആറ് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഭാട്ടിയ ആശുപത്രിയിൽ രോഗം ബാധിച്ചവർക്ക് നല്ല ചികിത്സ പോലും നൽകുന്നില്ലെന്ന് നഴ്സുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ധാരാവിയിൽ അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 1380 ആയി

നഴ്സുമാർക്ക് മാസ്കടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ നൽകുന്നതിൽ വരുത്തിയ വീഴ്ചയ്ക്ക് വലിയ വിലകൊടുക്കുകയാണ് മുംബൈയിലെ സ്വകാര്യ ആശുപത്രികൾ. ബ്രീച്ച് കാൻഡി ആശുപത്രിയിൽ രണ്ടും ഭാട്ടിയ ആശുപത്രിയിൽ നാലും മലയാളി നഴ്സുമാർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ കൊവിഡ് ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം ഇതോടെ 60 കടന്നു. 

ഭാട്ടിയ ആശുപത്രിയിൽ ഇന്ന് 14 നഴ്സുമാർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ചവർക്ക് നല്ല പരിചരണം നൽകാനോ രോഗസാധ്യതയുള്ളവരെ ക്വാറന്‍റൈൻ ചെയ്യാനോ മോനേജുമെന്‍റുകൾ തയാറാകുന്നില്ലെന്ന് നഴ്സുമാർ പറയുന്നു. 

Also Read: കൊൽക്കത്തയിൽ രോഗിയായ നഴ്സിനെ നോക്കാൻ ആളില്ല, മുംബൈയിൽ 6 നഴ്സുമാർക്ക് ചികിത്സ ഇല്ല

രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ധാരാവിയിൽ 10 ലക്ഷം പേരെയും തെർമൽ സ്ക്രീനിംഗ് നടത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. പ്രദേശത്തെ പഴം പച്ചക്കറികടകളടക്കം അടച്ചു. സാമൂഹ്യ അകലം പാലിക്കാൻ കൂട്ടം കൂടി താമസിക്കുന്നവരെ സ്കൂളുകളിൽ മാറ്റി പാർപ്പിക്കും.