പുക ശ്വസിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. എന്നാൽ കൃത്യമായ കാരണം അറിയണമെങ്കിൽ അന്വേഷണത്തിന് ശേഷമേ പറയാൻ കഴിയൂ എന്നും പൊലീസ് കൂട്ടിച്ചേർത്തു. 

സെക്കന്തരാബാദ്: സെക്കന്തരാബാ​ദിൽ കെട്ടിടത്തിന് തീപിടിച്ച് ആറുപേർ മരിച്ചു. മരിച്ചവരിൽ നാലു സ്ത്രീകളും ഉൾപ്പെടുന്നു. ഇന്നലെ രാത്രി എട്ടോടെയാണ് വാണിജ്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്വപ്നലോക് കോംപ്ലക്സിൽ തീപിടിച്ചത്. ശിവ, പ്രശാന്ത്, ശ്രാവണി, വെണ്ണേല, ത്രിവേണി, പ്രമീള എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പുക ശ്വസിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു.

എന്നാൽ കൃത്യമായ കാരണം അറിയണമെങ്കിൽ അന്വേഷണത്തിന് ശേഷമേ പറയാൻ കഴിയൂ എന്നും പൊലീസ് കൂട്ടിച്ചേർത്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കൽ, ഖമ്മം ജില്ലയിലുള്ളവരാണ് മരിച്ചവർ. 

കർണാടകയിൽ കേന്ദ്രമന്ത്രി സഞ്ചരിച്ച വാഹനത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; മന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു

വിവിധ ആശുപത്രികളിലായി നിരവധി പേരാണ് ചികിത്സയിലുളളത്. ചികിത്സക്കിടെയാണ് ആറുപേർ മരിച്ചത്. പൊള്ളലേറ്റവർ ഉണ്ടായിരുന്നെങ്കിലും ശ്വാസോച്ഛ്വാസം മൂലമാവാം ആളുകൾ മരിച്ചതെന്ന് ഗാന്ധി ആശുപത്രി സൂപ്രണ്ട് രാജ റാവു ദി പറഞ്ഞു. കാർബൺ മോണോക്സൈഡും മറ്റ് വിഷവാതകങ്ങളും ശ്വസിച്ചതായാണ് പരിശോധനയിൽ കാണുന്നതെന്നും സുപ്രണ്ട് കൂട്ടിച്ചേർത്തു. 

അതേസമയം, മുംബൈയിൽ മകൾ അമ്മയെ വെട്ടിക്കൊന്ന് അലമാരയിൽ സൂക്ഷിച്ച സംഭവത്തിൽ ദുരൂഹത നീങ്ങിയിട്ടില്ല. 24 കാരിയായ മകളെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്തെന്ന് ഇതുവരെ കണ്ടെത്താനായില്ല. മൃതദേഹത്തിൽ നിന്നുള്ള ദുർഗന്ധം മറയ്ക്കാനായി 200 ബോട്ടിൽ പെർഫ്യൂം വാങ്ങി ഒഴിച്ചതായി പ്രതി റിംപിൾ ജെയിൻ പൊലീസിന് മൊഴി നൽകി.

രാജ്യത്തെ തന്നെ നടുക്കിയ കൊലപാതകം. ദാദറിനടുത്ത് ലാൽ ബാഗിലാണ് കാലും കൈയും വെട്ടിമാറ്റിയ ശേഷം അമ്മയുടെ മൃതദേഹം മകൾ റിംപിൾ ജെയ്ൻ അലമാരയിൽ സൂക്ഷിച്ചത്. ഇരുവരും മാത്രമായിരുന്നു ഒറ്റമുറി ഫ്ലാറ്റിൽ താമസിച്ചിരുന്നത്. കഴിഞ്ഞ 2 മാസമായി ബന്ധുക്കൾ അന്വേഷിക്കുമ്പോഴൊക്കെ അമ്മ കാൺപൂരിൽ പോയെന്നാണ് റിംപിൾ പറഞ്ഞ് കൊണ്ടിരുന്നത്. വരുമാനമൊന്നുമില്ലാത്തതാൽ അമ്മ വീണയുടെ സഹോദരൻ മാസം നൽകുന്ന പണം ഉപയോഗിച്ചാണ് ഇരുവരും കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം പണം നൽകാനായി എത്തിയ അമ്മാവന്‍റെ മകനാണ് ദുരൂഹതതോന്നി ബന്ധുക്കളെ വിളിച്ച് വരുത്തിയതും പൊലീസിൽ വിവരം അറിയിച്ചതും. പണം നൽകാനെത്തിയ ബന്ധുവിനെ അകത്ത് കയറാൻ അനുവദിക്കാതിരുന്നതാണ് സംശയം തോന്നാനിടയാക്കിയത്. 

പൊലീസ് നടത്തിയ പരിശോധനയിൽ അലമാരയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെ തുടർന്ന് അടുത്ത് താമസിക്കുന്നവർ നേരത്തെ പരാതിപ്പെട്ടിരുന്നു. തുടർന്ന് വലിയ തോതിൽ പെർഫ്യൂം വാങ്ങി മൃതദേഹത്തിന് മുകളിൽ ഒഴിച്ചെന്ന് റിംപിൾ മൊഴി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബർ 27ന് ഫ്ലാറ്റ് സമുച്ചയത്തിലെ ഒന്നാം നിലയിൽ നിന്ന് വീണ് 55കാരിയായ വീണയ്ക്ക് പരിക്കേറ്റിരുന്നു. അന്ന് തൊട്ടടുത്ത റസ്റ്റോറന്‍റിലെ ജീവനക്കാരാണ് റോഡിൽ വീണ് കിടന്ന വീണയെ വീട്ടിലാക്കിയത്. എന്നാൽ ഡോക്ടറുടെ അടുത്ത് കൊണ്ട് പോവാൻ മകൾ അനുവദിച്ചില്ലെന്ന് ജീവനക്കാർ പൊലീസിന് മൊഴി നൽകി. തുടർന്നുള്ള ഏതെങ്കിലും ഒരു ദിവസം കൊലപാതകം നടന്നിരിക്കാം എന്നാണ് പൊലീസ് നിഗമനം. പുറത്ത് നിന്ന് ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടിൽ നിന്ന് മാർബിൾ കട്ടറും , വലിയ കത്തികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.