ബെംഗളൂരുവിൽ അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. സർജാപൂരിന് സമീപം മുഗളൂരുള്ള തടാകത്തിന് സമീപത്തുനിന്നാണ് തലയോട്ടി, താടിയെല്ല് അടക്കം കണ്ടെത്തിയത്. ഇവ സ്ത്രീയുടേതെന്ന് സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

ബെംഗളൂരു: ബെംഗളൂരുവിൽ സ്ത്രീയുടേത് കരുതുന്ന അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. സർജാപൂരിന് സമീപം മുഗളൂരുള്ള തടാകത്തിന് സമീപത്തുനിന്നാണ് തലയോട്ടി അടക്കമുള്ള അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയത്. കന്നുകാലികളെ മേയ്ക്കാൻ ഇറങ്ങിയവരാണ് തടാകത്തിന് സമീപം അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

സംഭവസ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ വറ്റിയ തടാകത്തിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നുമായി ചിതറിയ നിലയിൽ എല്ലുകളും കണ്ടെത്തി. തലയോട്ടി, താടിയെല്ല്, മേൽ അവയവ അസ്ഥികൾ, കീറിയ സാരി, സ്ത്രീയുടെ ചെരുപ്പ് എന്നിവ പൊലീസ് കണ്ടെടുത്തു. താടിയെല്ല് തലയോട്ടിൽനിന്ന് വേർപെട്ട നിലയിലാണ്. മുൻനിരയിലെ അഞ്ച് പല്ലുകൾ കാണാനില്ല. അസ്ഥികൂട ഭാഗങ്ങൾക്ക് കുറഞ്ഞത് മൂന്നുമാസത്തെ പഴക്കമുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

അസ്ഥികൂട ഭാഗങ്ങൾ മുൻപ് തടാകത്തിൽ മുങ്ങിമരിച്ചയാളുടേതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വേനൽക്കാലത്ത് ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് അവ പുറത്തുവന്നതാണെന്നും പൊലീസ് കരുതുന്നു. തടാകം വറ്റിയപ്പോൾ തെരുവുനായ്ക്കൾ അവ സമീപപ്രദേശങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവസ്ഥലത്തുനിന്ന് സാരി കഷ്ണം ലഭിച്ചതോടെ ആണ് അസ്ഥികൂടം സ്ത്രീയുടേതാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. അസ്ഥികൂടം 25നും 35നും ഇടയിൽ പ്രായമുള്ള യുവതിയുടേതാകാമെന്നാണ് പൊലീസ് നിഗമനം.

സംഭവസ്ഥലത്ത് പരിശോധന നടത്തിയ ഫൊറൻസിക് വിദഗ്ധർ അസ്ഥികൂട ഭാഗങ്ങൾ ശേഖരിച്ചു വിശദ പരിശോധനയ്ക്കായി ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മരണകാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കർണാടകത്തിൽ നിന്നും അയൽസംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിൽ നിന്നും കാണാതായ സ്ത്രീകളുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.