കുമാരസ്വാമി കോടികൾ വിലയുള്ള വാച്ചുകളാണ് ധരിക്കുന്നതെന്നും അദ്ദേഹത്തിന്റെ കൈവശം 60-ലേറെ വിലകൂടിയ വാച്ചുകളുണ്ടെന്നുമാണ് കോൺ​ഗ്രസ് എംഎൽഎ ആരോപിച്ചത്. കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി ബിഡദിയിൽ 32 ഏക്കർ ഭൂമി വാങ്ങിയതായും ഇതിനെല്ലാം ഉത്തരം പറയാൻ ആർജവുമുണ്ടോ എന്നും കോൺ​ഗ്രസ് എംഎൽഎ ചോദിച്ചു.

ബെം​ഗളൂരു: പൊതുപരിപാടിക്കെത്തിയ കോൺ​ഗ്രസ് എംഎൽഎക്ക് നേരേ പ്രതിഷേധവും ചെരിപ്പേറും. ചിക്കബല്ലാപുർ എംഎൽഎയായ പ്രദീപ് ഈശ്വറിന് നേരേയാണ് ജെഡിഎസ് പ്രവർത്തകരുടെ പ്രതിഷേധം അരങ്ങേറിയത്. ശനിയാഴ്ച കെംപെ​ഗൗഡ ജയന്തി ദിനത്തിൽ ചിക്കബല്ലാപുരിലെ കന്നഡ ഭവനിൽ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം.

കേന്ദ്രമന്ത്രിയും ജെഡിഎസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമിക്കെതിരേ കോൺ​ഗ്രസ് എംഎൽഎ നടത്തിയ പരാമർശമാണ് ജെഡിഎസ് പ്രവർത്തകരെയും വൊക്കലിം​ഗ വിഭാ​ഗത്തിലുള്ളവരെയും ചൊടിപ്പിച്ചത്. കുമാരസ്വാമി കോടികൾ വിലയുള്ള വാച്ചുകളാണ് ധരിക്കുന്നതെന്നും അദ്ദേഹത്തിന്റെ കൈവശം 60-ലേറെ വിലകൂടിയ വാച്ചുകളുണ്ടെന്നുമാണ് കോൺ​ഗ്രസ് എംഎൽഎ ആരോപിച്ചത്. കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി ബിഡദിയിൽ 32 ഏക്കർ ഭൂമി വാങ്ങിയതായും ഇതിനെല്ലാം ഉത്തരം പറയാൻ ആർജവുമുണ്ടോ എന്നും കോൺ​ഗ്രസ് എംഎൽഎ ചോദിച്ചു. ഈ പരാമർശമാണ് പരിപാടിക്കെത്തിയ ജെഡിഎസ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. പിന്നാലെ ജെഡിഎസ് പ്രവർത്തകർ എംഎൽഎക്കെതിരേ പ്രതിഷേധവുമായി രം​ഗത്തിറങ്ങി. ഇതോടെ പോലീസ് അകമ്പടിയിലാണ് എംഎൽഎ വേദിയിൽനിന്ന് കാറിനടുത്തേക്ക് പോയത്.

കാറിനടുത്തുവെച്ച് അംബേദ്ക്കറിന്റെ പേരിലുള്ള മുദ്രാവാക്യം മുഴക്കിയ എംഎൽഎ മീശ പിരിച്ചും സ്വയം തോളിൽ തട്ടിയും പ്രതിഷേധക്കാരെ വെല്ലുവിളിച്ചു. ഇതിനിടെയാണ് പ്രതിഷേധക്കാർക്കിടയിൽനിന്ന് എംഎൽഎയ്ക്ക് നേരേ ചെരിപ്പേറുണ്ടായത്. സംഘർഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ലാത്തിവീശിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. എംഎൽഎയ്ക്ക് നേരേ ചെരിപ്പെറിഞ്ഞയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അതേസമയം, ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് നീക്കം ചിലർ ചെറുക്കാൻശ്രമിച്ചതും തർക്കത്തിനിടയാക്കി. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.