ബൈക്കുള മേഖലയിൽ വെള്ളിയാഴ്ച നടന്ന മുഹറം ഘോഷയാത്രയ്ക്കിടെയാണ് ഫയ്യാസ് പ്രേംജി വിഷംകലർത്തിയ ഗുളികകൾ വിതരണംചെയ്തത്. എലിവിഷത്തിലുൾപ്പെടെ ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡ് എന്ന രാസവസ്തുവടക്കം കലർത്തിയ ഗുളികകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.
മുംബൈ: മുഹറം ഘോഷയാത്രയ്ക്കിടെ വിഷവസ്തുക്കൾ കലർത്തിയ ഗുളികകൾ വിതരണം ചെയ്തയാൾ അറസ്റ്റിൽ. നിരവധിയാളുകളെ അപായപ്പെടുത്താൻ ലക്ഷ്യമിട്ട് വിഷഗുളികകൾ വിതരണംചെയ്ത ഫയ്യാസ് പ്രേംജി എന്നയാളെയാണ് മുംബൈ പൊലീസ് പിടികൂടിയത്. ഇയാളിൽനിന്ന് പതിനായിരത്തിലേറെ വിഷഗുളികകളും പിടിച്ചെടുത്തു.
ബൈക്കുള മേഖലയിൽ വെള്ളിയാഴ്ച നടന്ന മുഹറം ഘോഷയാത്രയ്ക്കിടെയാണ് ഫയ്യാസ് പ്രേംജി വിഷംകലർത്തിയ ഗുളികകൾ വിതരണംചെയ്തത്. എലിവിഷത്തിലുൾപ്പെടെ ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡ് എന്ന രാസവസ്തുവടക്കം കലർത്തിയ ഗുളികകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയവർക്ക് വേദനസംഹാരിയാണെന്നും പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മരുന്നാണെന്നും പറഞ്ഞാണ് ഇയാൾ ഗുളികകൾ വിതരണംചെയ്തിരുന്നത്. എന്നാൽ, പ്രതിയുടെ പെരുമാറ്റത്തിലും ഗുളികവിതരണത്തിലും സംശയം തോന്നിയ മൂന്ന് വനിതാ വൊളന്റിയർമാർ ഇയാളെക്കുറിച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഫയ്യാസ് പ്രേംജിയെ കസ്റ്റഡിയിലെടുത്തതോടെയാണ് വിതരണംചെയ്തത് വിഷഗുളികകളാണെന്ന് കണ്ടെത്തിയത്.
11 പേർ കുഴഞ്ഞുവീണു
പ്രതിയിൽനിന്ന് ഗുളിക വാങ്ങി കഴിച്ച 11 പേർ കുഴഞ്ഞുവീണെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പൊലീസ് പറഞ്ഞിരുന്നു. ഇതിൽ ഒരാളൊഴികെ മറ്റുള്ളവരെല്ലാം അപകടനില തരണംചെയ്തതായും പൊലീസ് അറിയിച്ചു. ഗുളിക കഴിച്ചതിന് പിന്നാലെ കഠിനമായ വയറുവേദനയും ഛർദിയുമാണ് ഇവർക്കെല്ലാം അനുഭവപ്പെട്ടത്. ഇതിൽ സൽമാൻസയ്യീദ് എന്നയാളുടെ നില ഗുരുതരമാണ്.
പിടിച്ചെടുത്തത് 14,900 ഗുളികകൾ...
ക്യാപ്സൂളിനുള്ളിൽ വിഷവസ്തുക്കൾ നിറച്ചാണ് പ്രതി വിഷഗുളികകൾ വിതരണംചെയ്തിരുന്നത്. ബിബിഎ ബിരുദധാരിയായ ഇയാൾക്ക് എന്തെങ്കിലും മരുന്ന് നിർമിക്കാനോ വിതരണംചെയ്യാനോ യാതൊരു ലൈസൻസും ഇല്ലെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിയിൽനിന്ന് 14,900 വിഷഗുളികകളും പൊലീസ് പിടിച്ചെടുത്തു.
ലക്ഷ്യമിട്ടത് 15000 പേരെ...
15,000 പേരെയെങ്കിലും അപായപ്പെടുത്താനാണ് താൻ ലക്ഷ്യമിട്ടതെന്നായിരുന്നു പ്രതി പൊലീസിന് നൽകിയ മൊഴി. 30,000 ക്യാപ്സൂളുകൾക്കും 50 കിലോഗ്രാം രാസവസ്തുക്കൾക്കും താൻ ഓർഡർ നൽകിയിട്ടുണ്ടെന്നും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, ഫയ്യാസ് പ്രേംജിയുടെ വിദേശയാത്ര വിവരങ്ങളടടക്കം പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. ഇയാൾ നേരത്തേ ഇറാനിലേക്കും ഇറാഖിലേക്കും യാത്രചെയ്തിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ചാണ് പൊലീസ് കൂടുതൽവിവരങ്ങൾ ശേഖരിക്കുന്നത്. സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.


