പിഎസ്എൽവിയെക്കാൾ കുറഞ്ഞ ചിലവിൽ വിക്ഷേപണം നടത്താമെന്ന് മാത്രമല്ല, അതിനെക്കാൾ വേഗത്തിൽ റോക്കറ്റ് നിർമ്മാക്കാനും സാധിക്കും

ചെന്നൈ : സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ(small satellite launch vehicle),എസ്എസ്എൽവി(sslv), ഐഎസ്ആർഒയുടെ(isro) പുതിയ റോക്കറ്റിന്‍റെ ആദ്യ വിക്ഷേപണമാണ് ഇന്ന് നടക്കുക. ഈ ചെറിയ വിക്ഷേപണ വാഹനം എന്താണ് , എന്തൊക്കെയാണ് ​ഗുണങ്ങൾ ,വിശദമായി പരിചയപ്പെടാം

ഐഎസ്ആർഒയുടെ എറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമാണ് പിഎസ്എൽവി. ആ പിഎസ്എൽവിയേക്കാൾ ചെറിയൊരു പുതിയ റോക്കറ്റ് വികസിപ്പിച്ചിരിക്കുകയാണ് ഐഎസ്ആർഒ. പേര് എസ്എസ്എൽവി. 

ഉയരം 34 മീറ്റർ

വ്യാസം 2 മീറ്റർ

ഭാരം 120 ടൺ

അതേ സമയം പിഎസ്എൽവിയുടെ ഉയരം 44 മീറ്ററും, വ്യാസം 2.8 മീറ്ററുമാണ്. പിഎസ്എൽവിയുടെ എറ്റവും കരുത്തേറിയ എക്സ് എൽ വകഭേദത്തിന് 1,750 kg ഭാരം ലോ എർത്ത് ഓർബിറ്റിലേക്ക് എത്തിക്കാൻ കഴിയും. നാല് ഘട്ടങ്ങളാണ് ഒരു പിഎസ്എൽവി റോക്കറ്റിനുള്ളത്. കൂടാതെ താഴെ കുഞ്ഞൻ സ്ട്രാപ്പോൺ ബൂസ്റ്ററുകളുള്ള വകഭേദങ്ങളുമുണ്ട്. ഒന്നാം ഘട്ടം ഖരഇന്ധനം, രണ്ടാം ഘട്ടം ദ്രാവക ഇന്ധനം ഉപയോഗിക്കുന്ന വികാസ് എഞ്ചിൻ, മൂന്നാം ഘട്ടം പിന്നെയും ഖര ഇന്ധനം, നാലാം ഘട്ടം വീണ്ടും ദ്രാവക ഇന്ധനം.എന്നിങ്ങനെയാണ് പിഎസ്എൽവിയുടെ ഘടന.

എന്നാൽ എസ്എസ്എൽവി പൂർണമായും ഖര ഇന്ധനമാണ് ഉപയോഗിക്കുന്നത്. മൂന്ന് ഘട്ടങ്ങളാണ് ഈ റോക്കറ്റിനുള്ളത്. Hydroxyl-terminated polybutadiene.ആണ് ഈ ഖര ഇന്ധനം.മൂന്ന് ഘട്ടങ്ങൾക്ക് പുറമേ ഉപഗ്രഹങ്ങൾ സ്ഥാപിക്കുന്ന പീഠത്തിന്റെ അടിയിൽ ദ്രവീകൃത ഇന്ധനമുപയോഗിക്കുന്ന ഒരു പ്രവേഗ നിയന്ത്രണ സംവിധാനം കൂടിയുണ്ട്.

അ‌ഞ്ഞൂറ് കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹത്തെ ലോ എർത്ത് ഓർബിറ്റിലേക്ക് എത്തിക്കാൻ എസ്എസ്എൽവിക്കാകും. ഇനി സൺ സിൻക്രണസ് ഓർബിറ്റിലേക്കാണെങ്കിൽ പരമാവധി 300 കിലോ വരെ ഭാരമുള്ള ഉപഗ്രഹത്തെ എത്തിക്കാം.

അപ്പോൾ പിഎസ്എൽവിയേക്കാൾ വലിപ്പവും ശേഷിയും കുറഞ്ഞ റോക്കറ്റാണ് എസ്എസ്എൽവി എന്ന് വ്യക്തമായല്ലോ. ഇങ്ങനെയൊരു ചെറിയ റോക്കറ്റ് വികസിപ്പിച്ചതിന്‍റെ പ്രധാന ലക്ഷ്യം, സമയവും പണവും ലാഭിക്കലാണ്. പിഎസ്എൽവിയെക്കാൾ കുറഞ്ഞ ചിലവിൽ വിക്ഷേപണം നടത്താമെന്ന് മാത്രമല്ല, അതിനെക്കാൾ വേഗത്തിൽ റോക്കറ്റ് നിർമ്മാക്കാനും സാധിക്കും.

നേരത്തെ ഘടങ്ങൾ നിർമ്മിച്ച് വച്ചിട്ടുള്ള ഒരു പിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തിനായി ഒരുക്കാൻ മുപ്പത് ദിവസത്തിനടുത്ത് സമയം വേണം. എന്നാൽ എസ്എസ്എൽവി വിക്ഷേപണത്തിന് തയ്യാറാക്കാൻ ഒരാഴ്ച മാത്രം മതി.

ധാരാളം സ്വകാര്യ കമ്പനികൾ ബഹിരാകാശ രംഗത്തെക്ക് കടന്നു വരുന്ന സമയമാണിത്. ഇവർ നിർമ്മിക്കുന്ന ചെറിയ ഉപഗ്രഹങ്ങളെ ചെലവ് കുറച്ച് പരമാവധി പെട്ടന്ന് വിക്ഷേപിക്കാനുള്ള സാധ്യതയാണ് എസ്എസ്എൽവി തുറന്ന് തരുന്നത്. കൂടുതൽ ആവശ്യക്കാരെത്തുന്നതോടെ വ്യാവസായിക അടിസ്ഥാനത്തിൽ എസ്എസ്എൽവി നിർമ്മാണം നടത്താനാണ് പദ്ധതി. ഒരു വർഷം എട്ട് എസ്എസ്എൽവി വിക്ഷേപണങ്ങളെങ്കിലും നടത്താനാണ് തുടക്കത്തിലെ ലക്ഷ്യം. ആദ്യത്തെ രണ്ട് പരീക്ഷണ വിക്ഷേപണങ്ങൾക്ക് ശേഷം പൂർണമായും റോക്കറ്റിന്റെ ചുമതല വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിനെ ഏൽപ്പിക്കാനാണ് തീരുമാനം...

2016ലെ നാഷണൽ സ്പേസ് സയൻസ് സിമ്പോസിയത്തിലാണ് പിഎസ്എൽവിയെക്കാൾ ചെറിയ വിക്ഷേപണ വാഹനമെന്ന ആശയം ആദ്യമുയരുന്നത്. 2019 അവസാനത്തോടെ ആദ്യ വിക്ഷേപണം നടത്തി.2020 മുതൽ വാണിജ്യ ദൗത്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. കൊവിഡ് അടക്കമുള്ള കാരണങ്ങൾ മൂലം വൈകിയ പദ്ധതിയാണ് ഒടുവിൽ 2022ൽ യാഥാർത്ഥ്യമാകുന്നത്